18 April 2023 3:36 PM
Summary
- സ്റ്റാര്‍ട്ടപ്പ് ഡീലുകളിലുണ്ടായത് 71% ഇടിവ്
- ക്യുഐപി വിഭാഗത്തില്‍ രണ്ട് നിക്ഷേപ സമാഹരണങ്ങള്‍
- റിയല്‍റ്റിയില്‍ 12 വര്‍ഷത്തിലെ ഉയര്‍ന്ന ഇടപാട് മൂല്യം
ജനുവരി-മാര്‍ച്ച് കാലയളവില്‍ രാജ്യത്തെ ബിസിനസുകളിലെ മൊത്തം ഡീല്‍ പ്രവര്‍ത്തനങ്ങള്‍ 35% ഇടിഞ്ഞ് $9.7 ബില്യണിലെത്തി. 332 ഇടപാടുകളാണ് ഈ കാലയളവില്‍ നടന്നത്. ഇടപാടുകളുടെ എണ്ണത്തില്‍ 46 % ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഏറ്റെടുക്കല്‍-ലയന (എം&എ)കരാറുകളാണ് മൊത്തം ഇടപാടുകളുടെ പകുതിയിലധികം പങ്കുവഹിച്ചിട്ടുള്ളത്. എങ്കിലും ഇത്തരം ഇടപാടുകളുടെ മൂല്യം 21% ഇടിവോടെ $4.4 ബില്യണിലെത്തി. എം&എ ഇടപാടുകളുടെ എണ്ണം 56% ഇടിഞ്ഞ് 76ലേക്ക് എത്തിയെന്നും ഗ്രാന്‍ഡ് ത്രോംടണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐടി, ഫാര്‍മ മേഖലകളാണ് എം&എ ഇടപാടുകളില്‍ 28 % പങ്കുവഹിച്ചത്. റിയല്‍ എസ്റ്റേറ്റ് മേഖല 55% വിഹിതം നേടി. $ 2.5 ബില്യണിന്‍റെ ഇടപാടുകളാണ് റിയല്‍റ്റി മേഖലയില്‍ നടന്നത്. കഴിഞ്ഞ 12 വര്‍ഷക്കാലത്തിനിടെ ഈ മേഖലയിലുണ്ടായ ഏറ്റവും ഉയര്‍ന്ന ഇടപാട് മൂല്യമാണിത്.
ഉക്രൈനിലെ യുദ്ധാന്തരീക്ഷം തുടരുന്നതിനൊപ്പം ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ഭീതി വര്‍ധിക്കുന്നതും ഇടപാടുകളെ ബാധിച്ചു. ഇടപാടുകളിലെ ഇടിവിന് പ്രധാന കാരണം ഐപിഒ വിപണിയിലുണ്ടായ വീഴ്ചയാണ്. 2022 ലെ ഒന്നാം പാദത്തിലെ $ 1 ബില്യൺ ഡോളറിൽ നിന്ന് $84.4 മില്യണിലേക്ക് ഐപിഒ വിപണിയെത്തി.
ക്യുഐപി വിഭാഗത്തില്‍ രണ്ട് നിക്ഷേപ സമാഹരണങ്ങളാണ് നടന്നത്. സ്പൈസ്ജെറ്റിന്‍റെ കാര്‍ഗോ-ലോജിസ്റ്റിക്സ് ബിസിനസ് $301 മില്യണ്‍ സമാഹരിച്ചു. ഡാറ്റ പാറ്റേണ്‍സ് $60 മില്യണാണ് സമാഹരിച്ചത്. 2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ $541 മില്യണിന്‍റെ ക്യുഐപി ഇടപാടുകളാണ് നടന്നിരുന്നത്.
സ്വകാര്യ ഇക്വിറ്റി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ എട്ടു പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതും യുഎസിലെ ബാങ്കിംഗ് സംവിധാനങ്ങളിലുണ്ടായ തകര്‍ച്ചയുമാണ് ഇടപാടുകളെ പരിമിതപ്പെടുത്തിയ മറ്റുകാരണങ്ങള്‍.
ഡീലുകളുടെ 22 ശതമാനവുമായി സ്റ്റാർട്ടപ്പ് മേഖല ഡീൽ ആക്റ്റിവിറ്റിയിലെ പ്രാമുഖ്യം തുടരുന്നു, എന്നാൽ 2022 ലെ ഒന്നാം പാദത്തേക്കാൾ ഇടപാടുകളുടെ മൂല്യം 71 ശതമാനം കുറഞ്ഞ്, 69 മില്യണിലേക്കെത്തി, 17 ഡീലുകൾ മാത്രമാണ് ഉണ്ടായത്.