image

20 Feb 2023 4:00 PM IST

Business

പ്ലാന്റേഷന്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്താന്‍ വിളകളുടെ സംഭരണം മെച്ചപ്പെടുത്തണം; വിദഗ്ധര്‍

Tvm Bureau

plantation expo 2023 meet
X

Summary

  • പ്ലാന്റേഷന്‍ മേഖലയിലെ നൂതന പ്രവണതകള്‍ പരിചയപ്പെടുത്താനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായാനും സെമിനാര്‍ ലക്ഷ്യമിടുന്നു


തിരുവനന്തപുരം: വൈവിധ്യവല്‍ക്കരണത്തിലൂടെയും മൂല്യവര്‍ധനയിലൂടെയും തോട്ടം മേഖലയിലെ വരുമാന വര്‍ധന എന്ന പ്രമേയത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാര്‍ തൊഴിലാളി പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി.

പ്ലാന്റേഷന്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വിളകളുടെ സംഭരണം മെച്ചപ്പെടുത്തുകയും നാശനഷ്ടം പരമാവധി ഒഴിവാക്കുകയും വേണമെന്ന് സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപെട്ടു. തിരുവനന്തപുരം കനകക്കുന്നില്‍ സംസ്ഥാന പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന എക്‌സ്‌പോയുടെ ഭാഗമായായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്.

ഇന്ത്യയിലെ തോട്ടവിള ഉത്പാദനത്തിന്റെ 10 ശതമാനം മാത്രം സംഭരണമാണ് സംസ്ഥാനമൊട്ടാകെ നടക്കുന്നതെന്ന് അടുത്തിടെ നടന്ന സാമ്പത്തിക സര്‍വേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായ് ഏകദേശം 6.8 ശതമാനം വിളകള്‍ സംഭരിക്കാനാകാതെ നശിച്ചുപോകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണവും പരിശീലനവും ആവശ്യമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

കോവിഡിനു ശേഷം പഴവര്‍ഗങ്ങളുടെ പോഷകമൂല്യം തിരിച്ചറിഞ്ഞ് ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ഐജി ഇന്റര്‍നാഷണലിലെ സഞ്ജീബ് കുമാര്‍ സാഹു പറഞ്ഞു. ആവശ്യക്കാരുള്ളതുകൊണ്ട് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന 80 ശതമാനം പഴവര്‍ഗങ്ങളും അതേ രൂപത്തില്‍ തന്നെ വിപണിയിലെത്തുന്നു. കൃഷിക്ക് അനുയോജ്യമായ സ്ഥലം, വിളകളുടെ ഗുണനിലവാരം, പാക്കിംഗ് എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും സഞ്ജീബ് കുമാര്‍ പറഞ്ഞു.

രാജ്യത്തെ 85 ശതമാനം സുഗന്ധവ്യഞ്ജനങ്ങളും ഉത്പാദിപ്പിക്കുന്നത് ചെറുകിട കര്‍ഷകരാണെന്നും പരമ്പരാഗത കൃഷിരീതി ഉപയോഗിക്കുന്ന ഇവര്‍ക്ക് കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളിയാണെന്നും എവിടി മക്രോമിക് ഇന്‍ക്രീഡിയന്‍സ് സസ്‌റ്റൈനബിള്‍ അഗ്രി ഓപ്പറേഷന്‍സ് ഹെഡ് അശോക് നായര്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയുടെ സുസ്ഥിരതയ്ക്ക് ശരിയായ മണ്ണ്, ജല പരിശോധനകള്‍ ആവശ്യമാണ്. ഇടവിള കൃഷിക്ക് പ്രാധാന്യം നല്‍കണമെന്നും കാര്‍ഷികവൃത്തിയുടെ തുടക്കം മുതല്‍ക്ക് എല്ലാ ഘട്ടങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജ ഉത്പന്നങ്ങള്‍ തടയാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള സാധനങ്ങള്‍ ലഭിക്കാനും ജിഐ ടാഗിംങ് അത്യാവശ്യമാണെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല ഐപിആര്‍ സെല്‍ റിട്ടയേഡ് പ്രൊഫസറും കോ-ഓര്‍ഡിനേറ്ററുമായ ഡോ. സിആര്‍ എല്‍സി പറഞ്ഞു. ജിഐ ടാഗിങ്ങിലൂടെ ഉത്പാദകര്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനാകും. കേരളത്തില്‍ നിന്ന് നിലവില്‍ 35 ഉത്പന്നങ്ങള്‍ക്ക് ജിഐ ടാഗ് ലഭിച്ചു. ഇനിയും ഏറെ ഉത്പന്നങ്ങള്‍ക്ക് ഈ ഗണത്തിലേക്ക് എത്താനാകും. നമ്മുടെ പരമ്പരാഗത ഉത്പന്നങ്ങള്‍ സംരക്ഷിക്കാന്‍ അവയെ ബ്രാന്‍ഡ് ചെയ്യണമെന്നും ജിഐ ടാഗിനു വേണ്ടി പരിശ്രമിക്കണമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

പ്ലാന്റേഷന്‍ മേഖലയിലെ നൂതന പ്രവണതകള്‍ പരിചയപ്പെടുത്താനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായാനും സെമിനാര്‍ ലക്ഷ്യമിടുന്നു.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത തോട്ടങ്ങള്‍, തോട്ടം മേഖലയിലെ സഹകരണ സംഘങ്ങള്‍, തോട്ടം മേഖലയുമായി ബന്ധമുള്ള വ്യാപാരികള്‍, വിതരണക്കാര്‍, സേവന ഉപകരണ ദാതാക്കള്‍ എന്നിവരാണ് പ്ലാന്റേഷന്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ 100 സ്റ്റാളുകളിലാണ് എക്‌സ്‌പോ ഒരുക്കിയിട്ടുള്ളത്. ഞായറാഴ്ച വരെ നടക്കുന്ന എക്‌സ്‌പോ രാവിലെ 11 മുതല്‍ രാത്രി 11 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം.