image

1 July 2023 11:30 AM

Business

സഹകരണ വകുപ്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Kochi Bureau

സഹകരണ വകുപ്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
X

Summary

  • അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ സംഘത്തിന് കോപ്‌ഡേ പുരസ്‌കാരം
  • മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിനര്‍ഹമായ് എന്‍ എസ് ആശുപത്രി


അന്തര്‍ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നല്‍കുന്ന സഹകരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി വിജയികളെ പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന 10 വിഭാഗങ്ങളിലെ സഹകരണ സ്ഥാപനങ്ങള്‍ക്കാണ് സഹകരണ വകുപ്പ് അവാര്‍ഡ് നല്‍കുന്നത്. ഓരോ വിഭാഗത്തിലും മൂന്ന് അവാര്‍ഡുകളുണ്ട്. ഒന്നാം സ്ഥാനക്കാര്‍ക്കും വ്യക്തിഗത അവാര്‍ഡുകള്‍ക്കും ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 50000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും അവാര്‍ഡ് ലഭിക്കും.

മികച്ച സഹകാരിക്കുള്ള റോബര്‍ട്ട് ഓവന്‍ പുരസ്‌കാരത്തിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പ്രസിഡണ്ട് രമേശന്‍ പാലേരി അര്‍ഹനായി. സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിന് കൊല്ലം ജില്ലാ സഹകരണ ആശുപത്രി (എന്‍ എസ് ആശുപത്രി) അര്‍ഹമായി.

ഈ വര്‍ഷത്തെ അന്തര്‍ദേശീയ സഹകരണ ദിനത്തിന്റെ പ്രമേയമായ 'കോ-ഓപ്പറേറ്റീവ് ബില്‍ഡ് എ ബെറ്റര്‍ വേള്‍ഡ്' എന്ന പ്രമേയം അടിസ്ഥാനമാക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് സഹകരണ ബാങ്കിന് 2023ലെ കോപ് ഡേ പുരസ്‌കാരം ലഭിച്ചു.

കാര്‍ഷികമേഖലയില്‍ വേറിട്ട പ്രവര്‍ത്തനങ്ങളില്‍ മാതൃക സൃഷ്ടിച്ച തൊഴിലും വരുമാനവും ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മലപ്പുറം ജില്ലയിലെ ചുങ്കത്തറ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ എക്സലന്‍സ് അവാര്‍ഡിന് അര്‍ഹമായതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന 10 വിഭാഗങ്ങളിലെ സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി പ്രഖ്യാപിച്ചു.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ കരിവള്ളൂര്‍ സഹകരണ സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ എഫ് 1496 ഒന്നാം സ്ഥാനവും കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 3456,കൊല്ലം കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 1262 എന്നിവര്‍ രണ്ടാം സ്ഥാനവും ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 747 മൂന്നാം സ്ഥാനവും നേടി.

അര്‍ബന്‍ സഹകരണ ബാങ്ക് വിഭാഗത്തില്‍ കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക് ക്ലിപ്തം നമ്പര്‍ 421ഒന്നാം സ്ഥാനവും ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്ക് ക്ലിപ്തം നമ്പര്‍ 1647 രണ്ടാം സ്ഥാനവും ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്ക് ക്ലിപ്തം നമ്പര്‍ 1696 മൂന്നാം സ്ഥാനവും നേടി.

പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വിഭാഗത്തില്‍ കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പര്‍ ഇ 326 ഒന്നാം സ്ഥാനവും ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പര്‍ 620 രണ്ടാം സ്ഥാനവും പീരുമേട് താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പര്‍ ഐ 273 മൂന്നാം സ്ഥാനവും നേടി. എംപ്ലോയീസ് സഹകരണ സംഘം വിഭാഗത്തില്‍ മലപ്പുറം എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എം 49 ഒന്നാം സ്ഥാനവും എറണാകുളം ഡിസ്ട്രിക് പോലീസ് ക്രെഡിറ്റ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ഇ 877 രണ്ടാംസ്ഥാനവും ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ കെ 705 മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ സഹകരണ സംഘം വിഭാഗത്തില്‍ വെല്ലോറ വനിതാ സഹകരണ സംഘം ലി നം സി 1800 ഒന്നാം സ്ഥാനവും ഉദുമ വനിത സര്‍വീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 284 രണ്ടാംസ്ഥാനവും ചെയാട് വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 1378 ,അഴിയൂര്‍ വനിത സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 2661 എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

പട്ടികജാതി പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ വള്ളിച്ചിറ പട്ടികജാതി സര്‍വീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 1071 ഒന്നാം സ്ഥാനവും കുഴിമണ്ണ പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എം 390 രണ്ടാംസ്ഥാനവും എളങ്കുന്നപ്പുഴ പട്ടികജാതി പട്ടികവര്‍ഗ്ഗ സര്‍വീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ഇ 295 ,കലയപുരം പട്ടികവര്‍ഗ്ഗ സര്‍വീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 3894 എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ആശുപത്രി സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ കൊല്ലം ഡിസ്ട്രിക്ട് സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പര്‍ ക്യു 952 ഒന്നാം സ്ഥാനവും കണ്ണൂര്‍ സഹകരണ ആശുപത്രി ലി നം സി 834 രണ്ടാംസ്ഥാനവും കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പര്‍ എസ് 42 മൂന്നാം സ്ഥാനവും നേടി

പലവക സഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ കാളികാവ് റൂറല്‍ സഹകരണ സംഘം നമ്പര്‍ ലി നം എം 980 ഒന്നാം സ്ഥാനവും അമ്പലവയല്‍ വ്യാപാരി വ്യവസായി വെല്‍ഫെയര്‍ സഹകരണ സംഘം ലീ നം ഡബ്ല്യൂ 323, കര്‍ത്തേടം റൂറല്‍ സര്‍വീസ് സഹകരണ സംഘം ലീ നം 385, കരുവാരകുണ്ട് റൂറല്‍ സഹകരണസംഘം ലി നം എം 803 എന്നിവര്‍ രണ്ടാം സ്ഥാനവും കൊച്ചി നേവല്‍ബേസ് കണ്‍സ്യൂമര്‍ സഹകരണ സംഘം ലി നം ഇ 161 മൂന്നാം സ്ഥാനവും നേടി.

വിദ്യാഭ്യാസ സഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി ലി നം പി 906 ഒന്നാം സ്ഥാനം നേടി. വിഭാഗത്തില്‍ ആകെ ലഭിച്ചിട്ടുള്ള 3 നോമിനേഷനുകളില്‍ മറ്റു രണ്ടു സംഘങ്ങള്‍ക്ക് ജൂറിയുടെ പ്രത്യേക പ്രോത്സാഹന സമ്മാനം നല്‍കും. തളിപ്പറമ്പ് എഡ്യൂക്കേഷണല്‍ സഹകരണ സംഘം ലി നം സി 855, തിരൂര്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലി നം എം 315 എന്നിവര്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം നല്‍കും

മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് സപ്ലെ ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റി ലി നം എഫ് 1003 കോഴിക്കോട് ഒന്നാം സ്ഥാനവും കൊല്ലം ജില്ലാ ലൈവ് സ്റ്റോക്ക് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് പ്രോസസ്സിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലി നം ക്യൂ 1675, രണ്ടാം സ്ഥാനവും റീജിയണല്‍ ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍ പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി നമ്പര്‍ സി 816 (വെജ്‌കോ) കണ്ണൂര്‍, സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നമ്പര്‍ കെ 1088 പാല എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. പുരസ്‌കാരങ്ങള്‍ അന്താരാഷ്ട്ര സഹകരണ ദിന സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.