26 Feb 2023 11:45 AM IST
ചങ്ങനാശേരിക്കാരന്‍ തോല്‍പിച്ചത് റിലയന്‍സിനെ; മൂന്നു രൂപയ്ക്കു പകരം നേടിയത് 10,000 രൂപ!
MyFin Bureau
Summary
- ചങ്ങനാശേരി മാമ്മൂടുകാരന്‍ വിനോജ് ആന്റണിയും റിലയന്‍സ് സ്മാര്‍ട് കമ്പനിയും തമ്മിലെ നിയമ പോരാട്ടങ്ങളുടെ തുടക്കം 2021 സെപ്റ്റംബര്‍ ഏഴിനാണ്
സമൂഹമാധ്യമങ്ങളില്‍ ഹീറോയായിരിക്കുകയാണ് ചങ്ങനാശേരി സ്വദേശി വിനോജ് ആന്റണി. ഈ യുവാവ് തോല്‍പിച്ചത് ചില്ലറക്കാരെയല്ല, സാക്ഷാല്‍ അംബാനിയെയാണ്; അതും ഒറ്റയ്ക്ക് പൊരുതി.
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ വില്‍പന സ്ഥാപനമായ റിലയന്‍സ് സ്മാര്‍ടിനെ മുട്ടുകുത്തിച്ചത് മലയാളിയായ സാധാരണക്കാരന്‍. വെളിച്ചെണ്ണയ്ക്ക് അമിത വില ഈടാക്കിയ ചങ്ങനാശേരിയിലെ റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിനെതിരെയായിരുന്നു പോരാട്ടം. ഒന്നര വര്‍ഷത്തോളം സ്വയം കേസ് വാദിച്ച വിനോജ് ആന്റണി ഒടുവില്‍ ജയിച്ചു. റിലയന്‍സില്‍ നിന്ന് 10,000 രൂപ നഷ്ടപരിഹാരം ഈടാക്കി വിനോജിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു.
ഉപഭോക്താക്കളുടെ വിജയം
ചങ്ങനാശേരി മാമ്മൂടുകാരന്‍ വിനോജ് ആന്റണിയും റിലയന്‍സ് സ്മാര്‍ട് കമ്പനിയും തമ്മിലെ നിയമ പോരാട്ടങ്ങളുടെ തുടക്കം 2021 സെപ്റ്റംബര്‍ ഏഴിനാണ്. ചങ്ങനാശേരി പാറേപ്പളളിക്കടുത്തുളള റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വിനോജ് ഒരു ലിറ്റര്‍ വെളിച്ചെണ്ണ വാങ്ങി. കവറില്‍ 235 രൂപ എംആര്‍പി വില രേഖപ്പെടുത്തിയിരുന്ന വെളിച്ചെണ്ണയ്ക്ക് വിനോജില്‍ നിന്ന് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ഈടാക്കിയത് 238 രൂപ. ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാര്‍ വിനോജിനെ കടയില്‍ നിന്ന് ഇറക്കിവിട്ടു.
ന്നാ താന്‍ കേസു കൊട്
ഇത് സംബന്ധിച്ച് റിലയന്‍സ് സ്മാര്‍ടിന്റെ കസ്റ്റമര്‍ കെയറില്‍ പരാതി പറഞ്ഞപ്പോള്‍ എന്നാല്‍ താന്‍ കേസു കൊട് എന്ന ലൈനിലായിരുന്നു മറുപടി. ഇതോടെ വിനോജ് കോട്ടയത്തെ ഉപഭോക്തൃ കോടതിയില്‍ കേസിനു പോയി. ഒന്നര വര്‍ഷത്തോളം സ്വയം കേസ് വാദിച്ചു. മൂന്നു രൂപ അധിക വില ഈടാക്കിയതിനെതിരേ ശക്തിയുക്തം വാദിച്ചു. ഒടുവില്‍ അനുകൂല വിധിയും നേടി. മൂന്ന് രൂപ അധികം ഈടാക്കുകയും അത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഉപഭോക്താവിനെ ഇറക്കിവിടുകയും ചെയ്ത പ്രശ്നത്തില്‍ വിനോജിന് റിലയന്‍സ് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവാണ് കോടതിയില്‍ നിന്ന് പൊരുതി വാങ്ങിയത്. ഉത്പന്നങ്ങള്‍ക്ക് ഉപഭോക്താവില്‍ നിന്ന് തോന്നിയ വില ഈടാക്കുന്ന എല്ലാ വ്യാപാരികള്‍ക്കും ഉള്ള മുന്നറിയിപ്പു കൂടിയാണ് വിനോജിന്റെ വിജയം.