image

8 July 2023 5:00 AM

Business

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ട് ഇനി നൈപുണ്യ വികസനത്തിന്

Kochi Bureau

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ട് ഇനി നൈപുണ്യ വികസനത്തിന്
X

Summary

  • പാര്‍ശ്വവത്കൃതവിഭാഗങ്ങളിലെ യുവജനങ്ങളുടെ ഉന്നമനം ലക്ഷ്യം


കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ട് നൈപുണ്യപരിശീലന രംഗത്ത് ചെലവഴിക്കാന്‍ ധാരണാപത്രം ഒപ്പിട്ടതായി മന്ത്രി ഡോ ആര്‍ ബിന്ദു.

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍നടന്ന ചടങ്ങില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സാങ്കേതിക വിഭാഗം ഡയറക്ടര്‍ ബിജോയ് ഭാസ്‌കറും അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ആദ്യഘട്ടമായി 50 ലക്ഷം രൂപ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇതിനായി ചെലവഴിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുമായി സഹകരിച്ചാണ് നൈപുണ്യ പരിശീലന രംഗത്ത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചെലവഴിക്കുകയെന്ന് മന്ത്രി പറഞ്ഞു.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മല്‍സ്യത്തൊഴിലാളി വിഭാഗത്തിലെ യുവജനങ്ങള്‍ക്കുമായി സംസ്ഥാനതലത്തില്‍ ആരംഭിക്കുന്ന സമത്വ പദ്ധതിയുടെയും, എറണാകുളം ജില്ലയിലെ വനിതകള്‍ക്കായി ആരംഭിക്കുന്ന ഷീ-സ്‌കില്‍സ് പദ്ധതിയുടെയും ലോഞ്ചിങ്ങും ചടങ്ങില്‍ നിര്‍വ്വഹിച്ചു.

ഒമ്പത് തൊഴിലധിഷ്ഠിത പ്രോഗ്രാമുകളാണ് പദ്ധതിയില്‍ നടപ്പാക്കുക. പാര്‍ശ്വവത്കൃതവിഭാഗങ്ങളിലെ യുവജനങ്ങളുടെ ഉന്നമനത്തിനാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. 15 വയസിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന ഷീ സ്‌കില്‍സ് പദ്ധതി എറണാകുളം ജില്ല കേന്ദ്രീകരിച്ചായിരിക്കും നടപ്പാക്കുക.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മത്സ്യത്തൊഴിലാളി വിഭാഗത്തിലെ യുവജനങ്ങള്‍ക്കുമായി നടത്തുന്ന സമത്വ പദ്ധതി കേരളത്തിലുടനീളം സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു.