8 May 2023 3:21 AM GMT
Summary
- ഉല്‍പ്പാദനവും വിതരണവും ഉയര്‍ന്നു
- അന്തിമ ലാഭവിഹിതം 1 ഓഹരിക്ക് 4 രൂപ
- ശമ്പള പരിഷ്കരണത്തിന് ചർച്ചകള്‍ നടക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനി കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ മാർച്ച് പാദത്തിലെ അറ്റാദായത്തിൽ 17.7 ശതമാനം ഇടിവ്. ജനുവരി-മാർച്ച് മാസങ്ങളിൽ 5,527.62 കോടി രൂപ അഥവാ ഒരു ഓഹരിക്ക് 8.98 രൂപ എന്ന നിലയിലാണ് ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയത് എന്ന് കമ്പനി ഓഹരി വിപണിയില്‍ നടത്തിയ ഫയലിംഗ് വ്യക്തമാക്കുന്നു. മുന്‍വര്‍ഷം സമാന പാദത്തില്‍ 6,715 കോടി രൂപ അഥവാ ഒരു ഓഹരിക്ക് 10.86 ആണ് ഏകീകൃത അറ്റാദായമായി രേഖപ്പെടുത്തിയിരുന്നത്.
നോൺ എക്സിക്യൂട്ടീവുകളുടെ ശമ്പളം 2021 ജൂലൈ 1 മുതൽ പരിഷ്കരിക്കപ്പെട്ടിട്ടില്ലെന്നും ശമ്പള പരിഷ്കരണത്തിനായി ഈ പാദത്തിൽ 5,870.16 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 2022 ജനുവരി-മാർച്ച് പാദത്തില്‍ 475.28 കോടി രൂപ വകയിരുത്തിയിരുന്നു.. മുൻ 2021-22 സാമ്പത്തിക വർഷത്തിൽ മൊത്തമായി 1,080.97 കോടി രൂപയാണ് വകയിരുത്തല്‍ എങ്കില്‍ 2022-23ല്‍ അത് 8,152.75 കോടി രൂപയിലേക്ക് ഉയര്‍ന്നു.
മാർച്ച് 31ന് അവസാനിച്ച പാദത്തിൽ കൽക്കരി ഉൽപ്പാദനം 7 ശതമാനം ഉയർന്ന് 224.16 ദശലക്ഷം ടണ്ണായി. വിതരണം മുന്‍ വര്‍ഷം നാലാംപാദത്തിലെ 180.249 ദശലക്ഷം ടണ്ണില്‍ നിന്ന് 186.877 ദശലക്ഷം ടണ്ണിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
കമ്പനിയുടെ ഡയറക്ടർ ബോർഡ് കഴിഞ്ഞ സാമ്പത്തിക വർഷത്തിനുള്ള അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 4 രൂപ പ്രഖ്യാപിച്ചു. മുമ്പ് ഒരു ഓഹരിക്ക് 15 രൂപയും ഒരു ഓഹരിക്ക് 5.25 രൂപയും ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.
മുന്‍വര്‍ഷം സമാന കാലയളവിലെ 29,985.45 കോടി രൂപയില്‍ നിന്ന് നാലാം പാദത്തിൽ വിൽപ്പന 35,161.44 കോടി രൂപയായി ഉയർന്നു. വേതന പരിഷ്കരണത്തിനായി കോൾ ഇന്ത്യ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തിവരികയാണ്. തൊഴിലാളികൾ വേതനത്തിൽ 47 ശതമാനം വർദ്ധന ആവശ്യപ്പെടുമ്പോൾ കോൾ ഇന്ത്യ 3 ശതമാനം വർദ്ധനവ് വാഗ്ദാനം ചെയ്യുന്നു.