image

3 July 2023 6:45 AM

Business

സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സാമൂഹിക പ്രതിബദ്ധതോടെ; വി എന്‍ വാസവന്‍

Kochi Bureau

co-operatives work with social responsibility vn vasavan
X

Summary

  • സംസ്ഥാന സഹകരണ ബാങ്ക് ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കായി മാറി


സഹകരണ പ്രസ്ഥാനങ്ങള്‍ ലാഭത്തിനപ്പുറം ജനങ്ങള്‍ക്കാശ്വാസമായി സാമൂഹിക പ്രതിബദ്ധതോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. അന്താരാഷ്ട്ര സഹകരണ ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും സഹകരണ അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിയമഭേദഗതികളടക്കം വരുത്തി സഹകരണ മേഖലയെ നവീകരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. വ്യവസായ വകുപ്പുമായി സഹകരിച്ച് വനിതാ സംഘങ്ങള്‍ക്കാവശ്യമായ പരിശീലനം നല്‍കുന്ന പരിപാടിക്ക് ഉടന്‍ തുടക്കമാകും. സുസ്ഥിര വികസനത്തിന് സഹകരണ പ്രസ്ഥാനമെന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര സഹകരണ ദിന സന്ദേശമുള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി സഹകരണ മേഖല മുന്നോട്ട് പോകുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

കോവിഡും പ്രളയവുമടക്കമുള്ള പ്രതിസന്ധികളെ അതിജീവിക്കുന്നതില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ സുപ്രധാന പങ്കു വഹിച്ചതായി ചൂണ്ടിക്കാട്ടിയ മന്ത്രി കൃഷി, തൊഴില്‍, ഭവന നിര്‍മാണം തുടങ്ങിയ എല്ലാ മേഖലകളിലേക്കും സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിച്ചെന്നും, വേള്‍ഡ് കോപ്പറേറ്റിവ് മോണിറ്ററിംഗിന്റെ റാങ്കിങ് പ്രകാരം ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയ സഹകരണ സംഘം ഊരാളുങ്കല്‍ സൊസൈറ്റിയായിരുന്നു എന്നത് അഭിമാനകരമാണെന്നും ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കായി സംസ്ഥാന സഹകരണ ബാങ്കും മാറിയെന്നും അഭിപ്രായപ്പെട്ടു.

ജനജീവിതത്തെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഊരാളുങ്കല്‍ സൊസെറ്റി പ്രസിഡന്റ് രമേശന്‍ പാലേരിക്ക് റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം നല്‍കാന്‍ കഴിയുന്നത് സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളും നല്‍കുന്ന എന്‍ എസ് സഹകരണ ആശുപത്രിയുടെ വളര്‍ച്ചക്ക് നല്‍കിയ നിസ്തുലമായ സംഭാവനയാണ് പി രാജേന്ദ്രനെ സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിനര്‍ഹമാക്കിയത്. ആയുര്‍വേദ ചികിത്സയടക്കം നല്‍കുന്ന സ്ഥാപനമായി ഇന്ന് ആശുപത്രി മാറി. സഹകരണ മേഖലയിലെ ആരോഗ്യകരമായ മല്‍സരത്തിനും വളര്‍ച്ചക്കും വേണ്ടിയാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.