24 Jan 2023 10:00 AM GMT
Summary
- അനുമതികള്‍ ആദ്യം ലഭിച്ചത് കേരളത്തിലെന്ന് എജി ആന്‍ഡ് പി കമ്പനി
അനുമതികള്‍ ആദ്യം ലഭിച്ചത് കേരളത്തിലെന്ന് എജി ആന്‍ഡ് പി കമ്പനി
സിറ്റി ഗ്യാസ് പദ്ധതിക്ക് ആവശ്യമായ അനുമതികള്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ലഭ്യമായത് കേരളത്തിലാണെന്ന് പദ്ധതി നടപ്പിലാക്കുന്ന എജി ആന്‍ഡ് പി കമ്പനി മാനേജിംഗ് ഡയറക്ടര്‍ അഭിലേഷ് ഗുപ്ത പറഞ്ഞു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ സിറ്റി ഗ്യാസ് പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ഏറ്റവും വേഗത്തിലും തടസങ്ങള്‍ ഇല്ലാതെയും ഓണ്‍ലൈനായി, ഏകജാലക സംവിധാനത്തിലൂടെ അനുമതി ലഭിച്ച ഏക സംസ്ഥാനം കേരളമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളി, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല എന്നിവിടങ്ങളില്‍ എജി ആന്‍ഡ് പി കമ്പനി സ്ഥാപിച്ച എല്‍എന്‍ജി സ്റ്റേഷനുകളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സ്റ്റേഷനുകളുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
2500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികള്‍ക്കുള്ള സന്നദ്ധയും കമ്പനി പ്രകടിപ്പിച്ചു. ഈ നിക്ഷേപ പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിനായി ഒരു നോഡല്‍ ഓഫീസറെ വ്യവസായവകുപ്പ് നിയമിക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
2021 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍, എല്ലാ ജില്ലകളിലും പ്രകൃതിവാതക ഗ്യാസ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ പ്രകൃതിവാതകം ലഭ്യമാക്കാന്‍ ഉതകുന്നതാണ് പുതിയ ഗ്യാസ് സ്റ്റേഷനുകള്‍. മൂന്ന് ജില്ലകളിലെ ഏഴര ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പ്രകൃതി വാതകം ലഭിക്കും. ഈ ജില്ലകളിലെ വ്യാവസായിക മുന്നേറ്റത്തിലും പദ്ധതി സഹായകരമാകും.
ഇന്ത്യയില്‍ തന്നെ ആദ്യമായി ഗ്രീന്‍ എനര്‍ജി നയത്തിന് കേരളം രൂപം നല്‍കിയിരുന്നു. അടുക്കള ആവശ്യങ്ങള്‍ക്ക് പ്രകൃതിവാതകം ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ വൈദ്യുതിക്കും പാചകവാതകത്തിനും ചിലവഴിക്കേണ്ടിവരുന്ന തുകയിലും ഗണ്യമായ കുറവുണ്ടാകും. പാചകവാതകത്തിനേക്കാള്‍ കുറഞ്ഞത് 10 ശതമാനം ചെലവു കുറച്ചായിരിക്കും പൈപ്പ് ലൈന്‍ വഴി ലഭിക്കുന്ന പ്രകൃതിവാതകം എന്ന് കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തമായ ഒരു ഇന്ധനം എന്ന നിലയില്‍ വ്യവസായ സ്ഥാപനങ്ങളിലും ഭാവിയില്‍ ഈ പദ്ധതി ഉപകാരപ്പെടും. സ്‌കില്‍ ഡെവലപ്‌മെന്റിന്റെ കാര്യത്തില്‍ ഐ ടി ഐകളുമായി സഹകരിക്കാനും എജി ആന്‍ഡ് പി കമ്പനി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.