16 Aug 2023 2:31 PM IST
Summary
- ജൂണ്‍ മാസത്തില്‍ 16 മുതല്‍ 24 വയസുവരെയുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് 20ശതമാനത്തിലെത്തിയിരുന്നു
- ചൈനയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 5.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്
- പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ പ്രതിസന്ധി അതീവ ഗുരുതരം
യുവതലമുറയുടെ തൊഴിലില്ലായ്മ നിരക്ക് പുറത്തുവിടുന്നത് നിര്‍ത്തി ചൈന . ഇത് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന സൂചനയായി വിദഗ്ധര്‍ വിലയിരുത്തുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയെ അതിന്റെ സമൂഹത്തിൽ വന്ന മാറ്റങ്ങളാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചിരുന്നതെന്ന് പൊതുവെയുള്ള വിലയിരുത്തൽ .
നഗരപ്രദേശങ്ങളില്‍ 16 മുതല്‍ 24 വയസുവരെയുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ജൂണില്‍ 20ശതമാനത്തിലധികം എന്ന റെക്കോര്‍ഡ് നിലയിലെത്തി.
ബെയ്ജിംഗ് പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത് ചൈനയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 5.3 ശതമാനമായി ഉയര്‍ന്നു എന്നാണ്. അതേസമയം, യുവാക്കളുടെ തൊഴിലില്ലായ്മ ഡാറ്റ പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും സസ്‌പെന്‍ഷനായി സമയപരിധി നല്‍കിയില്ല. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ കണക്കാക്കുന്ന രീതി പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഭാഷ്യം.
16 നും 24 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലെ വളര്‍ച്ച തൊഴിലില്ലായ്മ കണക്കുകളെ ബാധിച്ചിട്ടുണ്ടെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിലെ സാമ്പത്തിക വിദഗ്ധന്‍ ഫു ലിംഗുയി സൂചിപ്പിച്ചു, എന്നാല്‍ ചൈന ഒരിക്കലും വിദ്യാഭ്യാസരംഗത്തുള്ളവരെ തൊഴിലില്ലാത്തവരായി കണക്കാക്കിയിട്ടില്ല.
2018ലാണ് ചൈന യുവാക്കളുടെ തൊഴിലില്ലായ്മ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. എന്നിരുന്നാലും, ഗ്രാമപ്രദേശങ്ങളിലെ യുവാക്കളുടെ തൊഴില്‍ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
യുവാക്കളുടെ തൊഴിലില്ലായ്മ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഉടന്‍ തന്നെ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ ട്രെന്‍ഡുചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
വായ് പൊത്തി കണ്ണടച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ല എന്നാണ് ഇതിനോട് ഒരു ഉപയോക്താവ് പ്രതികരിച്ചത്. ഒരു മണിക്കൂറെങ്കിലും ഒരാള്‍ ജോലിചെയ്താല്‍ അയാള്‍ തൊഴിലില്ലാത്തവനാണ് എന്ന് പറയാനാകില്ല. ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് സ്ഥിതിവിവരക്കണക്കുകള്‍ ഗൗരവമായി എടുക്കരുത്- എന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 'ഞാന്‍ അത് പ്രഖ്യാപിക്കാത്തിടത്തോളം കാലം ആരും തൊഴിലില്ലാത്തവരല്ല,' എന്ന് മറ്റൊരു പോസ്റ്റ് പറയുന്നു.
പാന്‍ഡെമിക്കിന് ശേഷമുള്ള രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കല്‍ മന്ദഗതിയിലായ സാഹചര്യത്തിലാണ് കണക്കുകളില്‍നിന്ന് യുവതലമുറയുടെ തൊഴില്‍ലില്ലായ്മ നിരക്ക് മാറ്റിയത്.
വളര്‍ച്ച വര്‍ധിപ്പിക്കാനുള്ള അധികാരികളുടെ ഏറ്റവും പുതിയ നീക്കത്തില്‍, പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ചൊവ്വാഴ്ച അപ്രതീക്ഷിതമായി മൂന്ന് മാസത്തിനിടെ രണ്ടാം തവണയും പ്രധാന പലിശനിരക്കുകള്‍ വെട്ടിക്കുറച്ചു. കയറ്റുമതിയിലും കുത്തനെയുള്ള ഇടിവ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുചെയ്തിരുന്നു. സമ്പദ് വ്യവസ്ഥ പണച്ചുരുക്കത്തിലേക്ക് വഴുതുകയും ചെയ്തു.
''നയ പിന്തുണ ഉടന്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ കനത്ത മാന്ദ്യത്തിലേക്ക് വഴുതി വീഴാനുള്ള അപകടസാധ്യതയുണ്ട്,'' ക്യാപിറ്റല്‍ ഇക്കണോമിക്സിലെ ജൂലിയന്‍ ഇവാന്‍സ്-പ്രിച്ചാര്‍ഡ് പറയുന്നു.
ചൈനയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് പ്രധാന ആശങ്കകള്‍ ഉളവാക്കുന്ന മറ്റൊരു പ്രശ്‌നം അതിന്റെ പ്രതിസന്ധിയിലായ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റാണ്.
തിങ്കളാഴ്ച, ചൈനയിലെ ഏറ്റവും വലിയ സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ കണ്‍ട്രി ഗാര്‍ഡന്‍, വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ 760 കോടി ഡോളര്‍ നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രമുഖ ഡെവലപ്പര്‍മാര്‍ക്ക് കടമെടുക്കാവുന്ന തുക നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങള്‍ 2020-ല്‍ അവതരിപ്പിച്ചപ്പോള്‍ത്തന്നെ ചൈനയുടെ റിയല്‍ എസ്റ്റേറ്റ് വ്യവസായം ഭീഷണിയിലായിരുന്നു. 2021ല്‍ ചൈനീസ് പ്രോപ്പര്‍ട്ടി ഭീമന്‍ എവര്‍ഗ്രാന്‍ഡെ അതിന്റെ വന്‍ കടബാധ്യതകളില്‍ വീഴ്ച വരുത്തി. കഴിഞ്ഞമാസം കമ്പനി 8110 കോടി ഡോളറിന്റെ മൊത്തം നഷ്ടം വെളിപ്പെടുത്തുകയും ചെയ്തു.
ഉടന്‍ മികച്ച നടപടികള്‍ ചൈനയിലെ സാമ്പത്തിക രംഗത്ത് നടപ്പാക്കിയില്ലെങ്കില്‍ അവര്‍ അപടകരമായ സ്ഥിതിയിലേക്ക് പോകും എന്നാണ് പുറത്തുവരുന്ന കണക്കുകളും വിദഗ്ധരുടെ അഭിപ്രായങ്ങളും സൂചിപ്പിക്കുന്നത്. ചൈനയിലെ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന തിരിച്ചടികള്‍ ആഗോളതലത്തില്‍ പ്രതിഫലിക്കാനും സാധ്യത ഏറെയാണ്.