image

8 May 2023 9:37 AM GMT

Business

കാനറ ബാങ്കിന്‍റെ അറ്റാദായത്തില്‍ 90% വര്‍ധന

MyFin Desk

കാനറ ബാങ്കിന്‍റെ അറ്റാദായത്തില്‍ 90% വര്‍ധന
X

Summary

  • ആഗോള ബിസിനസില്‍ 12% വാര്‍ഷിക വളര്‍ച്ച
  • അറ്റ ​​പലിശ വരുമാനം 23.01% വർധിച്ചു
  • ബാങ്കിന്റെ മൂലധന പര്യാപ്തത 16.68%


കാനറ ബാങ്കിന്‍റെ സ്റ്റാൻഡ് എലോൺ അടിസ്ഥാനത്തിലുള്ള അറ്റാദായം മാർച്ചില്‍ അവസാനിച്ച പാദത്തില്‍ 3,174.74 കോടി രൂപയിലെത്തി. 2021-22 ജനുവരി-മാർച്ച് പാദത്തിൽ രേഖപ്പെടുത്തിയ 1,666.22 കോടി രൂപയുടെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോള്‍ 90.63 ശതമാനം വളർച്ചയുണ്ടായെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് സമർപ്പിച്ച ഫയലിംഗിൽ കാനറ ബാങ്ക് അറിയിച്ചു.

ഉയർന്ന പലിശ വരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മികച്ച അറ്റാദായ വളർച്ച നേടാന്‍ ബാങ്കിന് സാധിച്ചിട്ടുള്ളത്. 2023 മാർച്ച് 31 ന് അവസാനിച്ച പാദത്തിലെ അറ്റ ​​പലിശ വരുമാനം 23.01 ശതമാനം വർധിച്ച് 8,616 കോടി രൂപയിലെത്തി. മുന്‍വര്‍ഷം സമാനകാലയളവിലിത് 7,006 കോടി രൂപയാണ്. മാർച്ചിൽ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം 3,232.84 കോടി രൂപയാണ്, മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 1,969.04 കോടി രൂപയായിരുന്നു.

2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ സ്റ്റാൻഡ്‌ലോൺ ലാഭം 5,678.42 കോടി രൂപയിൽ നിന്ന് 10,603.76 കോടി രൂപയായി ഉയർന്നു. ഏകീകൃത അറ്റാദായം 2021-22ലെ 5,795.10 കോടി രൂപയിൽ നിന്ന് 2022-23ൽ 10,807.80 കോടി രൂപയായി ഉയർന്നു.

മാർച്ച് പാദത്തിൽ പ്രവർത്തന ലാഭം 7,252 കോടി രൂപയായി, 17% വാര്‍ഷിക വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം 2022 മാർച്ച് അവസാനത്തിലെ 5.89 ശതമാനത്തിൽ നിന്ന് 2023 മാർച്ച് പാദത്തിൽ 5.35 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍എന്‍പിഎ) അനുപാതം 2022 മാർച്ചിലെ 2.65% ൽ നിന്ന് 2 1.73% ആയി കുറഞ്ഞു. ഇക്കാലയളവില്‍ ബാങ്കിന്റെ പ്രൊവിഷൻ കവറേജ് റേഷ്യോ (പിസിആർ) 84.17 ശതമാനത്തിൽ നിന്ന് 87.31 ശതമാനമായി ഉയർന്നു.

ബാങ്കിന്‍റെ ആഗോള ബിസിനസ് 2023 മാർച്ചിൽ 12% വാര്‍ഷിക വളര്‍ച്ചയോടെ 20.41 ലക്ഷം കോടി രൂപയിലെത്തി. ആഗോള തലത്തിലെ നിക്ഷേപം 11.79 ലക്ഷം കോടി രൂപയാണ്. ആഭ്യന്തര നിക്ഷേപം 6% വാര്‍ഷിക വളര്‍ച്ചയോടെ 10.94 ലക്ഷം കോടി രൂപയായി.ചെറുകിട വായ്പകള്‍ 11% വർധിച്ച് 1.4 ലക്ഷം കോടി രൂപയായപ്പോൾ, ഭവന വായ്പകൾ 14% വർധിച്ച് 84,364 കോടി രൂപയായി.

മാർച്ച് അവസാനത്തിലെ കണക്കനുസരിച്ച് ബാങ്കിന്റെ മൂലധന പര്യാപ്തത 16.68% ആണ്. 10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 12 രൂപ ലാഭവിഹിതം നല്‍കുന്നതിനും ബാങ്കിന്‍റെ ഡയറക്റ്റര്‍ ബോർഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.