21 Jun 2023 8:32 AM
Summary
- കെട്ടിട നമ്പര്‍ നല്‍കാന്‍ ചോദിച്ചത് രണ്ടു ലക്ഷം രൂപ
- തടസ്സവാദങ്ങളുമായി കെട്ടിട നമ്പർ നൽകാതെ ഉദ്യോഗസ്ഥർ
- കൈക്കൂലി ചോദിച്ചയാൾക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകി മന്ത്രി
കേരളം സംരംഭക സൗഹൃദ സംസ്ഥാനമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംരംഭങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നവരെ ഇപ്പോഴും ചുവപ്പുനാടയില്‍ കുരുക്കാനൊരുങ്ങുകയാണ് ചില ഉദ്യോഗസ്ഥര്‍. എറണാകുളം പറവൂര്‍ സ്വദേശി രാജ് കുമാര്‍ സ്‌നാക്‌സ് നിര്‍മാണ യൂനിറ്റ് തുടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് കെട്ടിട നമ്പറിന് അപേക്ഷിച്ചപ്പോഴാണ് ഓവര്‍സിയര്‍ രണ്ടുലക്ഷം രൂപ കൈക്കൂലി ചോദിച്ചത്. ഇതോടെ ഞാന്‍ ആത്മഹത്യയുടെ വക്കില്‍ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു രാജ് കുമാര്‍. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് വൈറലായതോടെ ഇത് വ്യവസായ മന്ത്രിയുടെ ശ്രദ്ധയിലെത്തി, ഉടന്‍ തന്നെ ഇടപെടലുമുണ്ടായി. പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി പി.രാജീവ് ഉറപ്പുനല്‍കിയതായി രാജ് കുമാര്‍ മൈഫിന്‍ പോയിന്റിനോടു പറഞ്ഞു.
കിടപ്പാടം പണയപ്പെടുത്തിയാണ് രാജ്‍കുമാര്‍ 70 ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തത്. യന്ത്രങ്ങള്‍ക്കു തന്നെ 28 ലക്ഷം രൂപ ചെലവായി. 75 ശതമാനം യന്ത്രങ്ങളും ബാംഗ്ലൂരില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. എല്ലാ യന്ത്രവുമെത്തി ഫിറ്റ് ചെയ്ത്, മലിനീകരണവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ ആവശ്യമായ രേഖകളും സമ്പാദിച്ചു. ഇനി കെട്ടിട നമ്പര്‍ കൂടി മതിയെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും കെട്ടിട നമ്പറും നല്‍കാതെ ഉദ്യോഗസ്ഥന്‍ രാജ് കുമാറിനെ വലച്ചത്. തടസ്സവാദങ്ങളുമായി ഉദ്യോഗസ്ഥര്‍ വന്നതോടെ സംരംഭകന്‍ വെട്ടിലായി. രണ്ടു ലക്ഷം രൂപ തന്നാല്‍ ശരിയാക്കാമെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് രാജ്കുമാര്‍ പറയുന്നു. 2,300 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിലാണ് സംരംഭം തുടങ്ങാന്‍ ലക്ഷ്യമിടുന്നത്.
സംരംഭം തകര്‍ക്കാന്‍ ചേന്ദമംഗലം പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയർ , മുറവന്‍തുരുത്തിലെ ഒരാള്‍ എന്നിവര്‍ ശ്രമിക്കുന്നുവെന്നായിരുന്നു എഫ്.ബി പോസ്റ്റ്. അതില്‍ പറയുന്നത് ഇങ്ങനെ: ഒരാള്‍ വ്യവസായം തകര്‍ക്കാന്‍ നില്‍ക്കുന്നവരുടെ സ്വാധീനത്തിന് വഴങ്ങുന്നു. ഒരാള്‍ക്ക് കൈക്കൂലി വേണം. ഒരാള്‍ക്ക് (മുന്‍ പാര്‍ട്ട്ണര്‍) വ്യക്തി വൈരാഗ്യത്തില്‍ നശിപ്പിക്കണം. ഇതാണ് അവസ്ഥ.
ആറു മാസമായി വായ്പാ പലിശ ഞാന്‍ കൈയില്‍ നിന്ന് അടക്കുന്നു. ആത്മഹത്യയുടെ വക്കിലാണ്. മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പഞ്ചായത്ത് ഭരണസമിതിക്കും പരാതി കൊടുത്തിട്ടുണ്ട്. ചേന്ദമംഗലം പഞ്ചായത്ത് ഭരണ സമിതിക്ക് ഈ വ്യവസായം ആരംഭിക്കാന്‍ താല്‍പ്പര്യമുണ്ട്. അവര്‍ എനിക്ക് പരിപൂര്‍ണ പിന്തുണയും തരുന്നുണ്ട്. എന്നാല്‍ ബില്‍ഡിങ് പണിയാന്‍ അപ്രൂവല്‍ തന്ന അതേ എ.ഇയും ഓവര്‍സിയറുമാണ് പ്രശ്‌നം.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14നാണ് രാജ് കുമാര്‍ ബില്‍ഡിംഗ് അപ്രൂവലിനു അപേക്ഷിച്ചത്. അത് അനുവദിച്ചു കിട്ടിയ ശേഷം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയപ്പോഴാണ് റോഡില്‍ നിന്ന് മതിയായ അകലമില്ല എന്ന പേരു പറഞ്ഞ് കെട്ടിട നമ്പര്‍ നല്‍കാതിരുന്നത്.
സംഭവം വിവാദമായതോടെ മന്ത്രിയുടെ ഓഫിസ് ഇടപെട്ടു. ഇന്നലെ എറണാകുളം കലക്ടറേറ്റില്‍ വച്ച് കലക്ടറുടെ സാന്നിധ്യത്തില്‍ വ്യവസായ മന്ത്രിയെ നേരില്‍ കാണാന്‍ രാജ് കുമാറിന് അവസരം ലഭിച്ചു. കാര്യങ്ങളെല്ലാം അദ്ദേഹം വിശദമായി മന്ത്രിയുടെ മുന്‍പില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സംരംഭത്തിന് ആവശ്യമായ രേഖകള്‍ നല്‍കി കാര്യങ്ങള്‍ ശരിയാക്കിക്കൊടുക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കൈക്കൂലി ചോദിച്ചയാള്‍ക്കെതിരേ നടപടിയെടുക്കാനും വകുപ്പു തല നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മന്ത്രി ഉറപ്പു നല്‍കിയതോടെ ഇനിയുള്ള കാര്യങ്ങളെല്ലാം ഉടന്‍ ശരിയാകുമെന്ന പ്രതീക്ഷയിലാണ് രാജ് കുമാര്‍.