4 May 2023 2:30 PM IST
Summary
- ഒരു വര്‍ഷം കൊണ്ട് പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകും
കൊച്ചിയില്‍ മാലിന്യ സംസ്‌കരണത്തിന് പുതിയ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍. മാലിന്യം സംസ്‌കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിര്‍മ്മിക്കുന്ന പ്ലാന്റിന് ബിപിസിഎലുമായി ധാരണായായി സര്‍ക്കാര്‍. ബ്രഹ്‌മപുരത്ത് തന്നെയാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുക. ഒരു വര്‍ഷം കൊണ്ട് പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം. കൊച്ചിയിലെയും സമീപ നഗരസഭകളുടേയും മാലിന്യം ഇവിടെ സംസ്‌കരിക്കാന്‍ സാധിക്കും.
മാലിന്യ സംസ്‌കരണത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന പ്രകൃതിവാതകം ബിപിസിഎലന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഇതോടൊപ്പം ഉത്പാദിപ്പിക്കുന്ന ജൈവവളം വിപണിയില്‍ ലഭ്യമാക്കാനാണ് തീരുമാനം. പ്രതിദിനം പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മാലിന്യങ്ങള്‍ തരംതിരിച്ച് കോര്‍പ്പറേഷനില്‍ നിന്നും മുന്‍സിപ്പാലിറ്റികളില്‍ നിന്നും ശേഖരിക്കും. സര്‍ക്കാര്‍ ഭൂമിയില്‍ ബിപിസിഎലിന്റെ ചെലവില്‍ നിര്‍മിക്കുന്ന പ്ലാന്റ് നോക്കി നടത്തേണ്ടത് ബിപിസിഎല്‍ തന്നെയാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. കൊച്ചിയിലെ കാലാവസ്ഥയ്ക്ക് കൂടുതല്‍ അനുയോജ്യം പ്രകൃതി വാതക പ്ലാന്റാണെന്നും മന്ത്രി പറഞ്ഞു.