image

21 Jun 2023 2:42 PM IST

Business

സ്‌പോണ്‍സര്‍ഷിപ്പ്: ടീം ഇന്ത്യയ്ക്ക് 350 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച് ബിസിസിഐ

Antony Shelin

sponsorship bcci sets a base price team india
X

Summary

  • ജൂലൈ 12-ന് ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുകയാണ്. അതിനു മുന്‍പ് സ്‌പോണ്‍സറെ കണ്ടെത്താനാകുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്
  • 2019-ലായിരുന്നു ഒപ്പോയില്‍ നിന്നും ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പ് ബൈജൂസ് ഏറ്റെടുത്തത്
  • 2017-ല്‍ ഒപ്പോ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം 1079 കോടി രൂപയ്ക്ക് നേടി


ടീം ഇന്ത്യയുടെ ലീഡ് (ജഴ്‌സി)സ്‌പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കുന്നതിനുള്ള അടിസ്ഥാന വില 350 കോടി രൂപയായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നിശ്ചയിച്ചു.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി), ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) എന്നിവര്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കുന്നതിനുള്ള അടിസ്ഥാന വില ഒരു മാച്ചിന് ഒരു കോടി രൂപയായിരിക്കും. ബൈലാറ്ററല്‍ മാച്ചിനാണെങ്കില്‍ (bilateral match) ഒരു മാച്ചിന് മൂന്ന് കോടി രൂപയുമായിരിക്കും അടിസ്ഥാന വില.

ജൂലൈ 12-ന് ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുകയാണ്. അതിനു മുന്‍പ് പുതിയ സ്‌പോണ്‍സറെ കണ്ടെത്താനാകുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ അവകാശത്തിനായി ബിസിസിഐ ജൂണ്‍ 14-ന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.

എഡ്യുടെക് കമ്പനിയായ ബൈജൂസും ബിസിസിഐയുമായുള്ള കരാര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ ജൂണ്‍ 14-ന് ടെന്‍ഡര്‍ ക്ഷണിച്ചത്. ലീഡ് സ്‌പോണ്‍സര്‍ഷിപ്പ് അവകാശം നേടാന്‍ ബൈജൂസ് 35 ദശലക്ഷം ഡോളറിന്റെ കരാറിലായിരുന്നു ബിസിസിഐയുമായി ഏര്‍പ്പെട്ടിരുന്നത്.

ടീം ഇന്ത്യയുടെ ജഴ്‌സിയുടെ മുന്‍വശത്ത് ബൈജൂസിന്റെ പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള അവകാശം ഇതിലൂടെ നേടിയിരുന്നു.

2019-ലായിരുന്നു ചൈന ആസ്ഥാനമായ ഇലക്ട്രോണിക്‌സ് നിര്‍മാണ സ്ഥാപനമായ ഒപ്പോയില്‍ നിന്നും ടീം ഇന്ത്യയുടെ പ്രധാന സ്‌പോണ്‍സര്‍ഷിപ്പ് ബൈജൂസ് ഏറ്റെടുത്തത്.

ഇപ്പോള്‍ ബിസിസിഐ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം നേടാന്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില 350 കോടി രൂപയാണ്. ഇത് ബൈജൂസ് അവകാശം നേടാനായി നല്‍കിയ അടിസ്ഥാന തുകയെക്കാള്‍ ഏകദേശം 40 ശതമാനം കുറവാണെന്നാണ് റിപ്പോര്‍ട്ട്. ടീം ഇന്ത്യ പങ്കെടുക്കുന്ന ആഭ്യന്തര മത്സരങ്ങളില്‍ ഒരു മത്സരത്തിന് 5.07 കോടി രൂപയും, ഐസിസി, എസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളില്‍ ഒരു മത്സരത്തിന് 1.56 കോടി രൂപയുമാണ് ബൈജൂസ് നല്‍കിയിരുന്നത്.

2017-ല്‍ ഒപ്പോ ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം അഞ്ച് കൊല്ലത്തേയ്ക്ക് 1079 കോടി രൂപയ്ക്ക് നേടിയിരുന്നു. എന്നാല്‍ 2019-ല്‍ ഒപ്പോ കരാറില്‍നിന്നും പിന്‍വാങ്ങി. അങ്ങനെയാണ് ബൈജൂസ് രംഗത്തുവന്നത്. 2019 മുതല്‍ 2022 മാര്‍ച്ച് വരെ ബൈജൂസ് സ്‌പോണ്‍സര്‍ഷിപ്പ് അവകാശം നേടി.

വാതുവെപ്പ്, ക്രിപ്‌റ്റോകറന്‍സി, പുകയില, റിയല്‍ മണി ഗെയിമിംഗ് മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം നേടാനായി സംഘടിപ്പിക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബിസിസിഐ വിലക്കിയിട്ടുണ്ട്.

ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ദീര്‍ഘകാലത്തേയ്ക്ക് (2023-2028) ഒപ്പിടാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഇക്കാലയളവില്‍ 240 മാച്ചുകളെങ്കിലും ടീം ഇന്ത്യ കളിക്കും. അതില്‍ 80 ശതമാനവും ബൈലാറ്ററല്‍ മാച്ചുകളുമായിരിക്കും.