image

16 May 2023 10:03 AM GMT

Business

5.5 രൂപ ഡിവിഡന്‍റ് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ബറോഡ; അറ്റാദായത്തില്‍ കുതിച്ചുചാട്ടം

MyFin Desk

5.5 രൂപ ഡിവിഡന്‍റ് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ബറോഡ; അറ്റാദായത്തില്‍ കുതിച്ചുചാട്ടം
X

Summary

  • അറ്റ പലിശവരുമാനം 33 8% വർധിച്ചു
  • മൂലധന പര്യാപ്തത അനുപാതം 16.24 %
  • മികച്ച വായ്പാ വളര്‍ച്ച നേടാനായി


മാർച്ചിൽ അവസാനിച്ച പാദത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ (ബിഒബി) അറ്റാദായം വാർഷികാടിസ്ഥാനത്തില്‍ 168 ശതമാനം വർധിച്ച് 4,775 കോടി രൂപയായി. വായ്പകളിലും പലിശ വരുമാനത്തിലും ഉണ്ടായ ആരോഗ്യകരമായ വളര്‍ച്ചയാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. 2022-23 മൊത്തം സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 94 ശതമാനം വർധനയോടെ 14,110 കോടി രൂപയായി. 2021-22ല്‍ 7,272 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയിരുന്നത്.

ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ ലാഭവിഹിതമായി ഒരു ഓഹരിക്ക് 5.5 രൂപ ലാഭവിഹിതം (ഓരോന്നിനും 10 രൂപ മുഖവിലയ്ക്ക്) നല്‍കുന്നതിനും ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തതായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്ക് ഓഹരി വിപണിയില്‍ നടത്തിയ ഫയലിംഗില്‍ വ്യക്തമാക്കി.

മാർച്ച് അവസാനത്തിലെ കണക്കുപ്രകാരം മൂലധന പര്യാപ്തത അനുപാതം 16.24 ശതമാനവും കോമൺ ഇക്വിറ്റി ടയർ 12.24 ശതമാനവുമാണ്

നാലാം പാദത്തില്‍ അറ്റ പലിശവരുമാനം 33 .8 ശതമാനം വർധിച്ച് 11,525 കോടി രൂപയായി. അറ്റ പലിശ മാർജിൻ വാര്‍ഷികാടിസ്ഥാനത്തില്‍ 45 ബേസിസ് പോയിൻറ് വർധിച്ച് 3.53 ശതമാനത്തിലെത്തി.പ്രൊവിഷനുകളും കണ്ടിന്‍ജന്‍സികളും 62 ശതമാനം കുറഞ്ഞ് 1,421 കോടി രൂപയായി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ വായ്പ 18.5 ശതമാനം വർധിച്ച് 9.69 ട്രില്യൺ രൂപയായി. റീട്ടെയില്‍ വായ്പ 26.8 ശതമാനം വർധിച്ച് 1.78 ട്രില്യൺ രൂപയായി. മൊത്തം നിക്ഷേപം 15.1 ശതമാനം വർധിച്ച് 12.03 ട്രില്യൺ രൂപയായി.

2022 മാര്‍ച്ച് അവസാനത്തിലെ 6.61 ശതമാനത്തിൽ നിന്ന് 2023 മാര്‍ച്ചില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 3.79 ശതമാനമായി കുറഞ്ഞു. അറ്റ ​​എൻപിഎ ഒരു വർഷം മുമ്പുണ്ടായിരുന്ന 1.72 ശതമാനത്തിൽ നിന്ന് 0.89 ശതമാനമായി കുറഞ്ഞു. പ്രൊവിഷൻ കവറേജ് അനുപാതം ഒരു വർഷം മുമ്പുണ്ടായിരുന്ന 88.71 ശതമാനത്തിൽ നിന്ന് 2023 മാർച്ചിൽ 92.43 ശതമാനമായി മെച്ചപ്പെട്ടുവെന്നും ബാങ്ക് അറിയിച്ചു.