image

22 May 2023 4:54 AM GMT

Lifestyle

ആസാം തേയിലയുടെ രണ്ടുനൂറ്റാണ്ട്; അനുസ്മരണ ലോഗോ പ്രകാശനം ചെയ്തു

MyFin Desk

ആസാം തേയിലയുടെ രണ്ടുനൂറ്റാണ്ട്;  അനുസ്മരണ ലോഗോ പ്രകാശനം ചെയ്തു
X

Summary

  • ലോഗോ രൂപകല്‍പ്പന ചെയ്തത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ആന്‍ഡ് ടീ ബോര്‍ഡ് ഇന്ത്യ
  • രാജ്യത്തെ തേയിലയുടെ പകുതിയലധികം ആസാമില്‍നിന്ന്
  • ആഗോള വിപണിയില്‍ മത്സരാധിഷ്ഠിതമായി തുടരാന്‍ നടപടികള്‍


അന്താരാഷ്ട്ര തേയില ദിനത്തോട് അനുബന്ധിച്ച് ആസാം തേയിലയുടെ 200വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അനുസ്മരണത്തിനായുള്ള ലോഗോ ഗുവഹത്തിയില്‍ പുറത്തിറക്കി.

അഹമ്മദാബാദ് ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ആന്‍ഡ് ടീ ബോര്‍ഡ് ഇന്ത്യ ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. സംസ്ഥാന വ്യവസായ വാണിജ്യ മന്ത്രി ബിമല്‍ ബോറ ലോഗോ പ്രകാശനം ചെയ്തു.

രാജ്യത്ത് പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന തേയിലയുടെ പകുതിയിലധികവും സംഭാവന ചെയ്യുന്നത് ആസാമാണ്.

1823ല്‍ മേജര്‍ ബ്രൂസ് ആണ് ഈ ചെടി കാട്ടില്‍ വളരുന്നതായി ആദ്യം കണ്ടെത്തിയത്.

ആസാം ചായയുടെ രണ്ടാമത് ശതാബ്ദി വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ അതി ഗംഭീരമായി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

എഴുപത് ലക്ഷത്തോളം വരുന്ന ശക്തമായ സമൂഹമാണ് തേയിലത്തോട്ടത്തോട് അനുബന്ധിച്ച് ആസാമിലുള്ളത്.അവരോടുള്ള പ്രതിബദ്ധത അറിയിക്കുന്നതിനായി ഈ ദിനം വേണ്ടവിധത്തില്‍ ഗംഭീരമായി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി തന്റെ ട്വീറ്റില്‍ തുടരുന്നു.

ലോകത്തെമ്പാടുമുള്ള ചായപ്രേമികളെ തൃപ്തിപ്പെടുത്തിവരുന്നതാണ് ആസാമില്‍ നിന്നുള്ള തേയിലയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര തേയില ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ തേയില വ്യവസായത്തിന്റെയും അതിലെ തൊഴിലാളികളുടെയും ഉന്നമനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ബോറ വിശദീകരിച്ചു.

ചെറുകിട തേയിലകര്‍ഷകര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ വാങ്ങുന്നതിനായി ചെക്കുകളും അദ്ദേഹം ചടങ്ങില്‍ വിതരണം ചെയ്തു.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ സംഭാവന നല്‍കുന്ന മേഖലയാണ് തേയിലവ്യവസായം. ആയിരക്കണക്കിന് ആളുകള്‍ക്കാണ് അത് ഉപജീവനമാര്‍ഗം നല്‍കുന്നത്.

സാമ്പത്തിക വളര്‍ച്ചക്ക് പുറമേ തേയില വ്യവസായം സംസ്ഥാനത്തെ സാമൂഹിക ഘടനയിലും വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

തൊഴിലാളികള്‍ കൊണ്ടുവന്ന വിവിധ സാംസ്‌കാരിക ആചാരങ്ങളും കലാരൂപങ്ങളും ഇന്ന് സംസ്ഥാനത്തിന്റെ ഭാഗമാണ്- വോറ പറയുന്നു.

ആസാം ടീ വ്യവസായം ഒരുപാട് മുന്നോട്ട് പോയെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന ആഗോളവിപണിയില്‍ അത് മത്സരാധിഷ്ഠിതമായി തുടരുന്നു എന്ന്് ഉറപ്പാക്കേണ്ടതുണ്ട്.

അന്താരാഷ്ട്ര തേയിലദിനത്തോട് അനുബന്ധിച്ച് ഗുവഹത്തി തേയില ലേല കേന്ദ്രം അതിന്റെ പരിസരത്ത് സൗജന്യ ടായ നല്‍കുന്ന ഒരു കിയോസ്‌കും സ്ഥാപിച്ചിട്ടുണ്ട്.

ആസാം തേയിലയെ പ്രോത്സാഹിപ്പിക്കുന്നതിനും തേയിലത്തോട്ട സമൂഹങ്ങളുടെ സമ്പന്നമായ സാമൂഹിക -സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനുമായി രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിലും വിദേശത്തും റോഡ് ഷോകള്‍ നടത്തുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ സംസ്ഥാന ധനമന്ത്രി അജന്താ നിയോഗും വ്യക്തമാക്കിയിരുന്നു.

പാരമ്പര്യമായതും പ്രത്യേകതയുള്ളതുമായ തേയിലകള്‍ക്ക് വര്‍ധിപ്പിച്ച ഉല്‍പ്പാദന സബ്‌സിഡിയും പ്രഖ്യാപിച്ചിരുന്നു.കൂടാതെ ലേബര്‍ ലൈനുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളുകയും ചെയ്തിരുന്നു.