11 April 2023 2:23 PM IST
Summary
- 20ന് ഡെല്‍ഹിയിലെ ആപ്പിള്‍ സകേത് തുറക്കും
- പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചലനങ്ങളുണ്ടാക്കും
ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഒഫീഷ്യല്‍ സ്റ്റോര്‍ 18ന് മുംബൈയില്‍ തുടക്കുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. 20ന് ഡെല്‍ഹിയിലെ സ്‌റ്റോര്‍ തുറക്കും. എക്‌സ്‌ക്ലൂസിവ് ആപ്പിള്‍ പ്രീമിയം റീസെല്ലര്‍ (എപിആര്‍), റിലയന്‍സ് ഡിജിറ്റലും ക്രോമയും പോലുള്ള റീട്ടെയില്‍ ശൃംഖലകള്‍, മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്‌റ്റോറുകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെയാണ് നിലവില്‍ ആപ്പിള്‍ ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഇന്ത്യയിലെ രണ്ട് പ്രമുഖ നഗരങ്ങളില്‍ നേരിട്ട് എത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളും ആപ്പിള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സൈബര്‍ മീഡിയ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ ഇന്ത്യന്‍ വിപണിയില്‍ 4 ശതമാനം വിഹിതമാണ് ആപ്പിള്‍ നേടിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചരക്കുനീക്കത്തില്‍ 17 ശതമാനം വര്‍ധനയും ഉണ്ടായി. ആപ്പിള്‍ ബികെസി എന്ന പേരിലാണ് മുംബൈയിലെ സ്റ്റോര്‍ അറിയപ്പെടുക. ആപ്പിള്‍ സകേത് ആണ് ഡെല്‍ഹിയിലെ സ്‌റ്റോര്‍. തന്ത്രപരമായ വിപണികളിലെ ഭാവി വളര്‍ച്ചയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ തക്കവണ്ണം ആപ്പിളിന് നിര്‍ണായകമായ ഫ്‌ളാഗ്ഷിപ്പ് സ്‌റ്റോറുകളാണ് ഇവയെന്ന് സൈബര്‍ മീഡിയ റിസര്‍ച്ചിന്റെ ഇന്റസ്ട്രി ഇന്റലിജന്റ് ഗ്രൂപ്പ് മേധാവിയായ പ്രഭു രാം പറയുന്നു.
നിലവില്‍ രാജ്യത്ത് ഇരട്ടയക്ക വളര്‍ച്ച പ്രകടമാക്കുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിള്‍ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകള്‍ പുതിയ ചലനങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2022ല്‍ മൊത്തം 6 ബില്യണ്‍ യുഎസ് ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ചരക്കുനീക്കമാണ് ആപ്പിള്‍ നടത്തിയിട്ടുള്ളത്. ഇതില്‍ 79 ശതമാനവും 50,000നു മുകളില്‍ വിലയുള്ള സൂപ്പര്‍ പ്രീമിയം വിഭാഗത്തിലായിരുന്നു. നിലവില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന നൂറിലധികം എപിആര്‍ സ്റ്റോറുകളാണ് ഇന്ത്യയില്‍ ഉള്ളത്.