6 Feb 2023 5:30 AM GMT
Summary
- രാജ്യത്തെ ബിസിനസ് മേഖല നേരിടുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പടച്ചുവിടുകയാണെന്നാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റിയത്
കുറഞ്ഞകാലം കൊണ്ട് രാജ്യത്തെ സമ്പന്ന പട്ടികയില്‍ മുന്‍നിരയിലെത്തുകയും അതിവേഗം ലോക കോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത ഗൗദം അദാനിയുടെ ആസ്തി എന്താണ്? ദേശീയത കൊണ്ട് പ്രതിരോധിക്കാനാവുന്നതല്ല അദാനിയുടെ വീഴ്ചയെന്ന ഹിന്‍ഡര്‍ബര്‍ഗിന്റെ മറുപടിയില്‍ അതിനുള്ള ഉത്തരമുണ്ട്.
ഇന്ത്യക്കാരെന്ന നിലയില്‍ അദാനിയുടെ ഉയര്‍ച്ചയില്‍ നാം ഓരോരുത്തരും അഭിമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്കാരനായതു കൊണ്ട് മാത്രം അദാനി കെട്ടിപ്പൊക്കിയ കുമിളകള്‍ തകരുമ്പോള്‍ നാം അദ്ദേഹത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കേണ്ടതുണ്ടോ? ഉണ്ടെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ പ്രതികരണത്തില്‍ നിന്ന് മനസിലാകുന്നത്. ഇന്ത്യക്കെതിരേ വാതുവെക്കേണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
രാജ്യത്തെ ബിസിനസ് മേഖല നേരിടുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പടച്ചുവിടുകയാണെന്നാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റിയത്. ആഗോള സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ ആഗ്രഹത്തിന് നിലവിലെ വെല്ലുവിളികള്‍ ഭീഷണിയാണെന്നാണ് ലോകമാധ്യമങ്ങള്‍ എഴുതിവിടുന്നത്. ഭൂകമ്പം, വരള്‍ച്ച, മാന്ദ്യം, യുദ്ധങ്ങള്‍, ഭീകരാക്രമണങ്ങള്‍ എന്നിവയെയെല്ലാം ഇന്ത്യ നേരിട്ടു. ഇന്ത്യക്കെതിരേ പന്തയംവെക്കാന്‍ നില്‍ക്കേണ്ട എന്നാണ് ട്വീറ്റിലുള്ളത്.
അദാനി ഗ്രൂപ്പിന്റെ വഞ്ചനാപരമായ ഇടപാടുകളും ഓഹരിവില കൃത്രിമത്വവും തുറന്നുകാണിച്ച യുഎസ് കേന്ദ്രമായ ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യത്തിന്, അതില്‍ പറഞ്ഞത് ശുദ്ധ നുണയാണെന്നും ഇന്ത്യക്കുമേലുള്ള ആസൂത്രിതമായ ആക്രമണമാണെന്നുമാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വില്‍പന(എഫ്പിഒ) അദാനി ഗ്രൂപ്പ് പിന്‍വലിച്ചത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കില്ലെന്നാണ് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ടുദിവസം മാത്രം 800 കോടി ഡോളര്‍ വിദേശനിക്ഷേപമാണ് രാജ്യത്തുണ്ടായത്. അതേസമയം ഒരു ബിസിനസ് ഗ്രൂപ്പിന്റെ ഓഹരികളില്‍ കഴിഞ്ഞയാഴ്ച അസാധാരണമായ ചാഞ്ചാട്ടം നിരീക്ഷിക്കപ്പെട്ടതായി സെക്യൂരിറ്റീസ് ആന്‍ഡ് എ്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) പറയുന്നു. വിപണിയുടെ സ്ഥിരത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് സെബി സ്വീകരിച്ചുവരുന്നത്.
ജനുവരി 24നാണ് യു.എസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പ് അന്യായമായ നികുതിയിളവും വന്‍ വായ്പയും വാങ്ങിക്കൂട്ടുന്നതില്‍ ആശങ്ക രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഓഹരികള്‍ക്ക് കൃത്രിമമായി വില കാണിച്ച് അദാനി ഗ്രൂപ്പ് തട്ടിപ്പ് നടത്തുന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. അദാനി ഗ്രൂപ്പിലെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത ഏഴു കമ്പനികള്‍ക്കും ഉയര്‍ന്ന മൂല്യനിര്‍ണയം മൂലം അടിസ്ഥാനപരമായി 85 ശതമാനം ഇടിവുണ്ടെന്ന് ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ കാര്യമായ തിരുത്തലിന്റെ ഫലമായി അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂലധനം ഏകദേശം ഒരുലക്ഷം കോടി രൂപ കുറഞ്ഞു. അടുത്ത ദിവസം വ്യാപാരം പുനരാരംഭിച്ചപ്പോള്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് നഷ്ടം തുടര്‍ന്നു. രണ്ട് ദിവസത്തെ വിപണി മൂലധനം 4 ലക്ഷം കോടി രൂപയായി കുറഞ്ഞു. അദാനി എന്റര്‍പ്രൈസസ് ഉള്‍പ്പെടെ 10 അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് 11,000 കോടി ഡോളര്‍ തുടച്ചുനീക്കപ്പെട്ടു.
ഫെബ്രുവരി മൂന്നിന് അദാനി ഗ്രൂപ്പിന്റെ ക്രെഡിറ്റ് സ്‌കോറുകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗുകള്‍ നെഗറ്റീവ് ആയി കുറച്ചിരുന്നു. നിക്ഷേപകര്‍ ഭരണപരമായ അപകടസാധ്യതകളെയും ഫണ്ടിംഗ് വെല്ലുവിളികളെയും കുറിച്ച് ആശങ്കാകുലരായി. ഇതിന് മുമ്പ് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് അദാനിയുടെ മൂലധനം സമാഹരിക്കാനോ അല്ലെങ്കില്‍ വരുംവര്‍ഷങ്ങളില്‍ കാലാവധി പൂര്‍ത്തിയാകുന്ന കടം റീഫിനാന്‍സ് ചെയ്യാനോ ഉള്ള കഴിവിനെക്കുറിച്ച് സമാനമായ ആശങ്കകള്‍ ഉദ്ധരിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ പ്രവചന പണമൊഴുക്കില്‍ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സമീപകാലത്ത് കാര്യമായ ഓഫ്ഷോര്‍ ബോണ്ട് മെച്യൂരിറ്റികള്‍ ഇല്ലെന്നും ഫിച്ച് റേറ്റിംഗ്സ് പറഞ്ഞു.