19 March 2023 4:15 PM IST
Summary
- 726 എഐ കാമറകളാണ് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്
എഐ കാമറകള്‍ നാളെമിഴി തുറന്നതിനൊപ്പം തന്നെ പിഴ ചുമത്താനൊരുരുങ്ങി സംസ്ഥാന മോട്ടര്‍ വാഹന വകുപ്പ്. 726 എഐ കാമറകളാണ് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 625 എണ്ണം സീറ്റ്‌ബെല്‍റ്റ് , ഹെല്‍മറ്റ് എന്നിവ ധരിക്കാത്തത്, ബൈക്കുകളില്‍ മൂന്നുപേരുടെ യാത്ര, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് എന്നിവ കണ്ടുപിടിക്കുന്നതിനുള്ളതാണ്.
ഡ്രൈവിംഗിനിടെ മൊബൈല്‍ സംസാരിക്കുന്നതിനുള്ള പിഴയ്ക്ക് 2000 രൂപയാകും ഈടാക്കുക. അമിത വേഗത്തിന് 1500 രൂപ, ഹെല്‍മെറ്റ് ഇല്ലാതെ യാത്രയ്ക്ക് 500 രൂപ, മൂന്നു പേരുമായുള്ള ഇരുചക്ര വാഹന യാത്രയ്ക്ക് 1000 രൂപ, സീറ്റ് ബെല്‍റ്റ് ഇല്ലാത്ത യാത്രയ്ക്ക് 500 രൂപ, അനധികൃത പാര്‍ക്കിംഗിന് 250 രൂപ എന്നിങ്ങനെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം റെഡ് ലൈറ്റ് തെറ്റിക്കല്‍ കേസുകള്‍ നേരിട്ട് കോടതിയിക്ക് കൈമാറുകയാണുണ്ടാവുക. ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ആദ്യ പിഴ 2,000 തുടര്‍ന്നാല്‍ 4,000 രൂപയുമാണ് ഈടാക്കുക. അപകടകരമായ ഓവര്‍ടേക്കിങ് -ആദ്യപിഴ 2000 രൂപയും, ആവര്‍ത്തിച്ചാല്‍ കോടതിയ്ക്ക് കൈമാറുകയുമാവും ചെയ്യുക.
ഓപ്പറേറ്റര്‍ തലത്തിലും ഇന്‍സെപ്കടര്‍ തലത്തത്തിലും പരിശോധിച്ച ശേഷമാകും ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. ദേശീയ പാതയില്‍ സ്പീഡ് കാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ കാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. അനുവദനീയമായതില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിച്ച പിഴ ചുമത്തും. അതേസമയം റോഡിന്റെ മധ്യഭാഗത്തുള്ള വെള്ള, മഞ്ഞ വരകള്‍ തുടര്‍ച്ചയായി മുറിച്ചുകടക്കാന്‍ പാടുള്ളതല്ല. ഇരട്ട മഞ്ഞവരകളെ ഡിവൈഡറുകളായി പരിഗണിക്കണം. ഇടവിട്ട വെള്ള വരകളുള്ളിടത്ത് ഓവര്‍ടേക്ക് ചെയ്യാം. ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് പാര്‍ക്കിങ് പാടുള്ളതല്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.