14 Jun 2023 7:15 AM
Summary
- പിഎംഎംഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിനായി 15 പദ്ധതികളുടെ രൂപരേഖകളാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്
സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനായുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ കേന്ദ്ര ഫീഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാലയ്ക്ക് സമര്‍പ്പിച്ചു. 977.48 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകളാണ് കേരളം സമര്‍പ്പിച്ചിരിക്കുന്നത്.
പിഎംഎംഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതിക്കായി 15 പദ്ധതികളുടെ രൂപരേഖകളാണ് സമര്‍പ്പിച്ചത്. 343 കോടി രൂപയോളം വരുന്ന തിരുവനന്തപുരം പൊഴിയൂര്‍, 200 കോടി എസ്റ്റിമേറ്റ് തുക വരുന്ന കാസര്‍കോഡ് അജാനൂര്‍ എന്നിവിടങ്ങളിലെ പുതിയ മത്സ്യബന്ധന ഹാര്‍ബറുകള്‍, 200 കോടി രൂപ കണക്കാക്കുന്ന ആലപ്പുഴയിലെ തോട്ടപ്പള്ളി, 80 കോടി രൂപയുടെ കോഴിക്കോട് ബേപ്പൂര്‍ എന്നി മത്സ്യബന്ധന ഹാര്‍ബറുകളുടെ വിപൂലീകരണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.
50 കോടി രൂപയുടെ തിരുവനന്തപുരം മുതലപൊഴി, 40 കോടി രൂപയുടെ കാസര്‍കോട് ചെറുവത്തൂര്‍, 15 കോടി ചെലവ് വരുന്ന തൃശൂര്‍ ചേറ്റുവ എന്നീ മത്സ്യബന്ധന ഹാര്‍ബറുകളുടെയും 11.06 കോടി രൂപ വിലയിരുത്തിയിരിക്കുന്ന തൃശൂര്‍ മുനക്കകടവ് ഫിഷ് ലാന്റിംഗ് സെന്ററിന്റെ നവീകരണം, മലപ്പുറം പടിഞ്ഞാറേക്കര (എസ്റ്റിമേറ്റ് തുക 4.93 കോടി ), കോഴിക്കോട് തിക്കോടി (എസ്റ്റിമേറ്റ് തുക 5.27 കോടി), കണ്ണൂര്‍ ചൂട്ടാട് മഞ്ച (എസ്റ്റിമേറ്റ് തുക 5.55 കോടി) കാസര്‍കോട് നീലേശ്വരം (എസ്റ്റിമേറ്റ് തുക ഏഴ് കോടി) എന്നി ഫിഷ് ലാന്റിംഗ് സെന്ററുകളുടെ ആധുനികവല്‍ക്കരണവും മലപ്പുറം താനൂര്‍ (എസ്റ്റിമേറ്റ് തുക 5.22 കോടി), കോഴിക്കോട് ചോമ്പാല്‍ (എസ്റ്റിമേറ്റ് തുക 5.25 കോടി ), കോഴിക്കോട് ചെറുവത്തൂര്‍ (എസ്റ്റിമേറ്റ് തുക 5.20 കോടി) എന്നീ മത്സ്യബന്ധന ഹാര്‍ബറുകളുടെ ട്രെഞ്ചിംഗ് പ്രവര്‍ത്തികളുടെ അറ്റകുറ്റപണികളുടെയും പദ്ധതി രേഖയാണ് കൈമാറിയത്.
തീരസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരേ നിയമമാണ് രാജ്യം മുഴുവന്‍ നടപ്പാക്കുന്നതെങ്കിലും കേരളത്തില്‍ നിലനില്‍ക്കുന്ന ചില പ്രത്യേക സാഹചര്യങ്ങള്‍ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഫീഷറീസ്, മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മത്സ്യ- തീരദേശ മേഖലയില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരേ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ഒരേ ലക്ഷ്യത്തിനായി ഇരു സര്‍ക്കാരുകളും നടത്തുന്ന വ്യത്യസ്ത പരിപാടികള്‍ക്ക് ഒരേ വേദി ലഭിച്ചത് അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
നാട്ടിക നിയോജക മണ്ഡലത്തില്‍ തൃപ്രയാര്‍ ടി എസ് ജി എ സ്റ്റേഡിയത്തില്‍ നടന്ന സാഗര്‍ പരിക്രമയാത്രയുടെയും തീരസദസ്സിന്റെയും ഉദ്ഘാടന ചടങ്ങില്‍ വെച്ച് സമര്‍പ്പിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ജോമോന്‍ കെ ജോര്‍ജ്, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ വകുപ്പിന്റെ ഡിസൈന്‍ വിംഗാണ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.