image

24 Jun 2023 9:30 AM

Business

വിപണി പിടിക്കാന്‍ കോക്കോണിക്‌സ്; വരുന്നത് 4 പുതിയ മോഡല്‍ ലാപ്‌ടോപ്പുകള്‍

Swarnima Cherth Mangatt

വിപണി പിടിക്കാന്‍ കോക്കോണിക്‌സ്; വരുന്നത് 4 പുതിയ മോഡല്‍ ലാപ്‌ടോപ്പുകള്‍
X

Summary

  • പ്രവര്‍ത്തന സ്വയം ഭരണാവകാശമുള്ള സ്ഥാപനമായിരിക്കും കോക്കോണിക്‌സ്


നാല് പുതിയ മോഡല്‍ ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തിക്കാനൊരുങ്ങി കേരളത്തിന്റെ സ്വന്തം ലാപോടോപ്പ് നിര്‍മ്മണ കമ്പനിയായ കോക്കോണിക്‌സ്. പുതിയ മോഡലുകളില്‍ രണ്ടെണ്ണം കെല്‍ട്രോണ്‍ എന്ന ബ്രാന്റ് നെയിമോടെയായിരിക്കും പുറത്തിറക്കുന്നത്. ഒരു വര്‍ഷം 2 ലക്ഷം ലാപ്‌ടോപ്പ് നിര്‍മ്മാണം സാധ്യമാക്കാനും കോക്കോണിക്‌സ് ലക്ഷ്യമിടുന്നുണ്ട്.

കോക്കോണിക്‌സ് അടുത്ത മാസം മുതല്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. പുതിയ മോഡലുകള്‍ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 2019ലാണ് കോക്കോണിക്‌സ് പ്രവര്‍ത്തനമാരംഭിച്ചത്. അതേസമയം ഓഹരി ഘടനയില്‍ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യ ഡീംഡ് പൊതുമേഖലാ കമ്പനിയായി കോക്കോണിക്‌സ് മാറിയിട്ടുണ്ട്.

സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി എന്നീ സ്ഥാപനങ്ങള്‍ക്കൊപ്പം പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലും ചേര്‍ന്നുള്ള കമ്പനിയാണ് കോക്കോണിക്‌സ്. ഏഴ് മോഡലുകള്‍ ഇതിനോടകം കോക്കോണിക്‌സ് പുറത്തിറക്കിയിട്ടുണ്ട്.

പുതിയ ലാപ്‌ടോപ്പുകളില്‍ ഒന്ന് മിനി ലാപ്‌ടോപ്പാണ്. എല്ലാ മോഡലുകള്‍ക്കും ബിഐഎസ് സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 2019 ല്‍ ഉല്‍പാദനം ആരംഭിച്ച ശേഷം ഇതിനകം 12500 ലാപ്‌ടോപ്പുകള്‍ വില്‍പന നടത്തിയായി മന്ത്രി പി രാജീവ് പറഞ്ഞു. കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി എന്നീ സ്ഥാപനങ്ങള്‍ക്ക് 51ശതമാനം ഓഹരിയും യുഎസ്ടി ഗ്ലോബലിന് 47 ശതമാനം ഓഹരിയുമാണ് കമ്പനിയിലുള്ളത്. രണ്ട് ശതമാനം ഓഹരികള്‍ ഐടി വകുപ്പ് ശുപാര്‍ശ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കാണ്. പ്രവര്‍ത്തന സ്വയം ഭരണാവകാശമുള്ള സ്ഥാപനമായിരിക്കും കോക്കോണിക്‌സ് എന്നും മന്ത്രി പി രാജീവ് അറിയിച്ചു.