image

22 Feb 2022 9:08 PM GMT

Technology

ഇന്ത്യയിൽ 2026-നകം 100 കോടി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കൾ: ഡെലോയിറ്റ്

PTI

ഇന്ത്യയിൽ 2026-നകം 100 കോടി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കൾ: ഡെലോയിറ്റ്
X

Summary

രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 2026-നകം 100 കോടിയില്‍ എത്തുമെന്ന് പ്രഫഷണല്‍ സര്‍വീസ് നെറ്റ്‌വര്‍ക്കായ ഡെലോയിറ്റ്. ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്ന മൊബൈല്‍ ഫോണുകളുടെ എണ്ണം ഗ്രാമങ്ങളില്‍ വര്‍ധിക്കുകയാണെന്നും ഡെലോയിറ്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. 2021- ലെ കണക്കുകള്‍ പ്രകാരം 120 കോടി മൊബൈല്‍ ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. അതില്‍ 75 കോടി ആളുകള്‍ മാത്രമാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനകം ലോകത്ത് ഏറ്റവുമധികം സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും […]


രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 2026-നകം 100 കോടിയില്‍ എത്തുമെന്ന് പ്രഫഷണല്‍ സര്‍വീസ് നെറ്റ്‌വര്‍ക്കായ ഡെലോയിറ്റ്.

ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്ന മൊബൈല്‍ ഫോണുകളുടെ എണ്ണം ഗ്രാമങ്ങളില്‍ വര്‍ധിക്കുകയാണെന്നും ഡെലോയിറ്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. 2021- ലെ കണക്കുകള്‍ പ്രകാരം 120 കോടി മൊബൈല്‍ ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. അതില്‍ 75 കോടി ആളുകള്‍ മാത്രമാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനകം ലോകത്ത് ഏറ്റവുമധികം സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും ഡെലോയിറ്റിന്റെ 2022 ഗ്ലോബല്‍ ടിഎംടി (ടെക്‌നോളജി, മീഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്, ടെലികോം) പഠനം പ്രവചിക്കുന്നു.

ഗ്രാമീണ മേഖലയില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പന നഗരത്തില്‍ ഉള്ളതിനേക്കാള്‍ വര്‍ധിക്കുമെന്നും സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കണക്കാക്കിയാല്‍ (സിജിഎആര്‍) 6 ശതമാനം വളര്‍ച്ച നേടുമെന്നും പഠനം പറയുന്നു. സിഎജിആര്‍ കണക്കുകള്‍ പ്രകാരം 2.5 ശതമാനം വളര്‍ച്ച നഗര മേഖലയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പ്രകടമാകുമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.

രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ ഫൈബര്‍ ടെക്‌നോളജി വഴി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഭാരത് നെറ്റ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഫോണുകളുടെ വില്‍പനയും വര്‍ധിക്കും. 2025-നകം ഭാരത് നെറ്റ് പദ്ധതി പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2026-നകം നഗര മേഖലയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 95 ശതമാനം സ്മാര്‍ട്ട് ഫോണുകളും ഉപയോക്താക്കള്‍ മാറ്റി വാങ്ങും.

2021-ലെ കണക്കുകള്‍ പ്രകാരം 75 ശതമാനം ആളുകളും തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ മാറ്റി പുതിയത് വാങ്ങിയിരുന്നു. 2021-ല്‍ മാത്രം നഗര മേഖലയില്‍ 7.2 കോടി ഫീച്ചര്‍ ഫോണുകളാണ് ആളുകള്‍ മാറ്റി വാങ്ങിയത്. 2026-ല്‍ ഇത് ആറ് കോടിയിലെത്തും.

രാജ്യത്ത് 5 ജി സേവനം വ്യാപകമായി ലഭിക്കുന്നതോടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 80 ശതമാനം അധിക വളര്‍ച്ച നേടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

മാത്രമല്ല 2026 ആകുമ്പോള്‍ രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി 13.5 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ സെമി കണ്ടക്ടര്‍ നിര്‍മ്മാണത്തിനായി 1000 കോടി ഡോളറിന്റെ ഉത്തേജന പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ സാങ്കേതികവിദ്യയുടെ വ്യാപനത്തിന് സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ വളര്‍ച്ച വലിയ സ്വാധീനം ചെലുത്തുമെന്നും ഡെലോയിറ്റ് പഠനം വ്യക്തമാക്കുന്നു.

സെമികണ്ടക്ടര്‍ ചിപ്പുകളുടെ ലഭ്യതക്കുറവ് ഇപ്പോള്‍ ആഗോള തലത്തില്‍ നേരിടുന്ന പ്രശ്‌നമാണ്. ഒട്ടേറെ കമ്പനികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉല്‍പാദനത്തെയും ഇത് ബാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ സാഹചര്യം കണക്കാക്കിയാല്‍ വരുന്ന 5 വര്‍ഷത്തിനകം 84 കോടി 5ജി സ്മാര്‍ട്ട് ഫോണുകള്‍ വിറ്റുപോകുമെന്ന് ഡെലോയിറ്റ് ഇന്ത്യയുടെ പാര്‍ട്ട്ണര്‍ ആന്‍ഡ് ടെലികോം വിഭാഗം മേധാവി പിയൂഷ് വൈഷ് അഭിപ്രായപ്പെട്ടു.

ഇത്രയും ഫോണുകള്‍ക്ക് ഏകദേശം 13,000 കോടി ഡോളര്‍ മാര്‍ക്കറ്റ് മൂല്യം വരും. മീഡിയ മേഖലയെ സംബന്ധിച്ചിടത്തോളം കൊറിയന്‍, ഇസ്രയേലി, സ്പാനിഷ് തുടങ്ങിയ അന്താരാഷ്ട്ര കണ്ടന്റുകളുടെ പ്രചാരവും ഇന്ത്യയില്‍ വര്‍ധിക്കുകയാണ്.

കൂടുതല്‍ പ്രേക്ഷകരെ സബ്‌ടൈറ്റിലുകള്‍, ഡബ് ചെയ്ത കണ്ടന്റുകള്‍ എന്നിവ വഴി ആകര്‍ഷിക്കുവാന്‍ സാധിച്ചത് ഇന്ത്യയിലെ ടെക്-മീഡിയ മേഖലയ്ക്ക് ഗുണകരമായി.