image

8 Jan 2022 4:43 AM

Business

ഹൈഡ്രോയുടെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാനൊരുങ്ങി ഹിന്‍ഡാല്‍കോ

MyFin Bureau

ഹൈഡ്രോയുടെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാനൊരുങ്ങി ഹിന്‍ഡാല്‍കോ
X

Summary

നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈഡ്രോയുടെ ഇന്ത്യയിലെ അലുമിനിയം എക്‌സ്ട്രൂഷന്‍സ് ഏറ്റെടുക്കാനൊരുങ്ങി ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്. 247 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടതായി കമ്പനി അറിയിച്ചു. ആന്ധ്രാപ്രദേശിലെ കുപ്പത്ത് സ്ഥിതി ചെയ്യുന്ന ഹൈഡ്രോയുടെ പൂര്‍ണ്ണ സൗകര്യങ്ങളോട് കൂടിയ യൂണിറ്റാണ് ഏറ്റെടുക്കുന്നത്. പരിചയസമ്പന്നരായ ജീവനക്കാരുടെ ടീം,  ഉപഭോക്താക്കളുടെ ശക്തമായ പോര്‍ട്ട്ഫോളിയോയ്ക്ക് സേവനം നല്‍കാനുള്ള കഴിവ് എന്നിവ കരാര്‍ പ്രാവര്‍ത്തികമാകുന്നതോടെ ഹിന്‍ഡാല്‍കോയുടെ ഭാഗമാകും. ഹൈഡ്രോയുടെ കുപ്പം പ്ലാന്റിന് 15,000 ടണ്‍ അലൂമിനിയം എക്സ്ട്രൂഷന്‍ ശേഷിയുണ്ട്.  കൂടാതെ ഉപരിതല ഫിനിഷിംഗിനും ഫാബ്രിക്കേഷനുമായി വിപുലമായ മൂല്യവര്‍ദ്ധന […]


നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈഡ്രോയുടെ ഇന്ത്യയിലെ അലുമിനിയം എക്‌സ്ട്രൂഷന്‍സ് ഏറ്റെടുക്കാനൊരുങ്ങി ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്. 247 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടതായി കമ്പനി അറിയിച്ചു.

ആന്ധ്രാപ്രദേശിലെ കുപ്പത്ത് സ്ഥിതി ചെയ്യുന്ന ഹൈഡ്രോയുടെ പൂര്‍ണ്ണ സൗകര്യങ്ങളോട് കൂടിയ യൂണിറ്റാണ് ഏറ്റെടുക്കുന്നത്. പരിചയസമ്പന്നരായ ജീവനക്കാരുടെ ടീം, ഉപഭോക്താക്കളുടെ ശക്തമായ പോര്‍ട്ട്ഫോളിയോയ്ക്ക് സേവനം നല്‍കാനുള്ള കഴിവ് എന്നിവ കരാര്‍ പ്രാവര്‍ത്തികമാകുന്നതോടെ ഹിന്‍ഡാല്‍കോയുടെ ഭാഗമാകും. ഹൈഡ്രോയുടെ കുപ്പം പ്ലാന്റിന് 15,000 ടണ്‍ അലൂമിനിയം എക്സ്ട്രൂഷന്‍ ശേഷിയുണ്ട്. കൂടാതെ ഉപരിതല ഫിനിഷിംഗിനും ഫാബ്രിക്കേഷനുമായി വിപുലമായ മൂല്യവര്‍ദ്ധന ശേഷികള്‍ സംയോജിപ്പിച്ചിരിക്കുന്നു.

ബെംഗളൂരുവില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കുപ്പം പ്ലാന്റില്‍, ഓട്ടോ, കെട്ടിട നിര്‍മാണം, വ്യാവസായിക ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കുള്ള പരിഹാരങ്ങളും ഉപഭോക്താക്കള്‍ക്കനുസൃതമായുള്ള അലുമനിയം എക്‌സ്ട്രൂഷന്‍ ഉല്‍പ്പന്നങ്ങളും ഉറപ്പുനല്‍കുന്നുണ്ട്. ആദിത്യബിര്‍ളാ ഗ്രൂപ്പിന്റെ ഭാഗമാണ് ഹിന്‍ഡാല്‍കോ. ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എക്സ്ട്രൂഷന്‍ മാര്‍ക്കറ്റായ ദക്ഷിണേന്ത്യയില്‍ ഹില്‍ഡാല്‍കോയ്ക്ക് നിര്‍ണായക സാന്നിധ്യമായി മാറാന്‍ സാധിക്കും.

'കുപ്പം പ്ലാന്റ് ഏറ്റെടുക്കുന്നത് മൂല്യവര്‍ധിത വിപണിയിന്‍മേല്‍ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവെപ്പാണ്. പ്ലാന്റിന്റെ പ്രത്യേക ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ ഹൈ-എന്‍ഡ് എക്സ്ട്രൂഷനുകളിലും ഫാബ്രിക്കേറ്റഡ് സൊല്യൂഷനുകളിലും ഞങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കും,'ഹിന്‍ഡാല്‍കോ മാനേജിംഗ് ഡയറക്ടര്‍ സതീഷ് പൈ പറഞ്ഞു.

ഡൗണ്‍സ്ട്രീം ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല തന്ത്രത്തിന്റെ ഏറ്റവും പുതിയ ഘട്ടമാണ് ഏറ്റെടുക്കലെന്നു വ്യക്തമാക്കിയ അദ്ദേഹം, കഴിഞ്ഞ വര്‍ഷം, സില്‍വാസയിലും ഹിരാക്കുഡിലും ഡൗണ്‍സ്ട്രീം ശേഷികള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി ഹിന്‍ഡാല്‍കോ ഇതിനകം 3,730 കോടി രൂപയുടെ മൊത്തം മൂലധന ചെലവ് പ്രഖ്യാപിച്ചതായും മാനേജിംഗ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. കോപ്പര്‍ മൂല്യവര്‍ദ്ധിത പോര്‍ട്ട്ഫോളിയോയ്ക്കായി റൈക്കര്‍ കോപ്പര്‍ വൊയര്‍ റൊഡ് യൂണിറ്റ് അടുത്തിടെ നേടിയതും ഈ തന്ത്രത്തിന്റെ ഭാഗമായാണ്.

വര്‍ധിച്ചുവരുന്ന വിപണി ആവശ്യകത നിറവേറ്റുന്നതിനായി ഡൗണ്‍സ്ട്രീം ശേഷി വര്‍ധിപ്പിക്കാനുള്ള ഹിന്‍ഡാല്‍കോയുടെ പദ്ധതിയുമായി ഈ കരാര്‍ ചേര്‍ന്ന് പോകുന്നു. പടിഞ്ഞാറന്‍ ഇന്ത്യയിലെ സില്‍വാസയില്‍ ഹിന്‍ഡാല്‍കോയുടെ വരാനിരിക്കുന്ന അത്യാധുനിക എക്സ്ട്രൂഷന്‍ പ്ലാന്റിന്റെ ആദ്യ മാതൃകയായി കുപ്പം പ്ലാന്റ് പ്രവര്‍ത്തിക്കും. നിലവില്‍ 3,73,000 ടണ്ണുള്ള ഇന്ത്യയിലെ അലുമിനിയം എക്സ്ട്രൂഷന്‍ വിപണി 2030 ഓടെ ഏകദേശം 8,50,000 ടണ്ണായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിന്‍ഡാല്‍കോയുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍, കുപ്പം, സില്‍വാസ്സ യൂണിറ്റുകള്‍ കമ്പനിയുടെ മൊത്തം അലുമിനിയം എക്‌സ്ട്രൂഷന്‍ ശേഷി 60,000 ടണ്ണില്‍ നിന്ന് 1,09,000 ടണ്ണായി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കരാര്‍ ഇടപാട് അവസാനിക്കുന്ന് കമ്പനി വ്യക്തമാക്കി.