13 Jun 2023 10:04 AM
Summary
- 40 മില്യണ്‍ ഡോളര്‍ പലിശയടക്കം ജൂണ്‍ 5ന് തിരിച്ചടയ്‌ക്കേണ്ട ലോണ്‍
- TLB വഴി ലോണ്‍ എടുത്താല്‍ സാധാരണ പോലെ മാസാമാസം മുതലും പലിശയും തിരിച്ചടയ്‌ക്കേണ്ടതില്ല
- വാങ്ങാൻ തയ്യാറുള്ളവർക്ക് ലോൺ പാക്കേജുകൾ ആക്കി TLB വിൽക്കാം
കണ്ടവരും കേട്ടവരും അത്ഭുതം കൂറി. അമ്മാതിരി വളര്‍ച്ചയായിരുന്നു ബൈജൂസിന്റേത്. ഏറ്റവും മികച്ച അധ്യാപകരെ തന്നെ അവര്‍ പൊക്കിയെടുത്തു. കുട്ടികളെ ട്യൂഷന് എവിടെ ചേര്‍ക്കണമെന്ന കാര്യത്തില്‍ അധ്യാപകര്‍ക്ക് രണ്ടഭിപ്രായമുണ്ടായില്ല. ബൈജൂസ് തന്നെ.
അപ്പോഴാണ് കൊറോണ വന്നത്. ബൈജൂസിന്റെ വളര്‍ച്ച പിന്നെയും വലുതായി. എല്ലാ നിക്ഷേപകരുടെയും കണ്ണ് ബൈജൂസിലായി. 22 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടെന്ന് ബൈജൂസ് അവകാശപ്പെട്ടു. കൂടുതല്‍ കൂടുതല്‍ നിക്ഷേപം സമാഹരിക്കാന്‍ തുടങ്ങി. ബൈജൂസ് ലോക വിപണിയിലേക്കിറങ്ങി. എതിരാളികളായ എഡ്‌ടെക്ക് കമ്പനികളെ പോലും വിലയ്‌ക്കെടുത്തു മുന്നോട്ടുപോയി.
ഇക്വിറ്റി നിക്ഷേപത്തില്‍ മാത്രം തൃപ്തിപ്പെടാന്‍ ബൈജൂസ് തയ്യാറായിരുന്നില്ല. ഒരു വായ്പ കൂടി തരപ്പെടുത്താന്‍ ബൈജൂസ് നീക്കം നടത്തി. അങ്ങനെ 1.2 ബില്യണ്‍ ഡോളറിന്റെ ടേം ലോണ്‍ (TLB) സ്വന്തമാക്കി. കുറഞ്ഞ പലിശനിരക്ക് മാത്രം. 5.5 % പലിശയും 0.20 % ലിബറും (LIBOR).
ടേം ലോണിന്റെ പ്രത്യേകത
ബൈജൂസിന്റെ ഇപ്പോഴത്തെ പ്രശ്‌നം അറിയണമെങ്കില്‍ ടേം ലോണിനെപ്പറ്റി അറിയണം. TLB വഴി ലോണ്‍ എടുത്താല്‍ സാധാരണ പോലെ മാസാമാസം മുതലും പലിശയും തിരിച്ചടയ്‌ക്കേണ്ടതില്ല. വായ്പ തരുന്നയാള്‍ ഒരു സമയം നിശ്ചയിക്കും. എടുത്ത മൊത്തം വായ്പയും തിരിച്ചടയ്ക്കാന്‍ 5-6 വര്‍ഷമൊക്കെയാണ് സാധാരണ കൊടുക്കാറുള്ളത്. ചില മാസങ്ങളില്‍ കുറച്ചൊക്കെ തിരിച്ചടയ്ക്കാന്‍ ചോദിച്ചെന്നും വരാം.
ഈയൊരു തരം വായ്പയുടെ പ്രശ്‌നമെന്താണെന്ന് വെച്ചാല്‍, ഈ വലിയ കാലയളവിനുള്ളില്‍ കമ്പനികള്‍ക്ക് എന്തും സംഭവിക്കാം. കമ്പനി പൂട്ടിപ്പോവുക പോലും ചെയ്യാം. അത്തരമൊരു റിസ്‌ക് ഇല്ലാതിരിക്കാന്‍ വായ്പാ സ്ഥാപനം ചില നിബന്ധനകള്‍ വെക്കും.
ബൈജൂസിന്റെ കാര്യത്തില്‍, അവര്‍ ബൈജൂസിന്റെ ചില അനുബന്ധ കമ്പനികളെ ഈടായി ആവശ്യപ്പെട്ടു. ഒപ്പം ചില നിബന്ധനകള്‍ കൂടി വെച്ചു. എന്നാല്‍ ഇതൊന്നും പാലിക്കാന്‍ ബൈജൂസ് തയ്യാറായില്ല. വായ്പാ സ്ഥാപനത്തെ പാടേ അവഗണിച്ച ബൈജൂസ്, കമ്പനി വിപുലീകരണ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയും ചെയ്തു.
TLB വില്‍ക്കാനൊക്കില്ലേ?
അതെ, TLB യുടെ പ്രധാന പ്രത്യേകതയാണ് ഓഹരികള്‍ പോലെ വില്‍ക്കാമെന്നത്. വായ്പ കൊടുക്കുന്ന സ്ഥാപനത്തിന് ഇവ ലോണ്‍ പാക്കേജുകളാക്കി വാങ്ങാന്‍ തയ്യാറാവുന്നവര്‍ക്ക് വില്‍ക്കാനാവും. പക്ഷേ, കമ്പനിയില്‍ മോശം കാര്യങ്ങള്‍ നടക്കുകയാണെന്ന് കണ്ടാല്‍ സ്വാഭാവികമായും ലോണിന്റെ വിലയും തോഴോട്ട് പോകും. ഇവിടെ അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ബൈജൂസ് നിബന്ധനകള്‍ പാലിക്കാന്‍ കൂട്ടാക്കാതെ വന്നതോടെ വായ്പാ പാക്കേജുകള്‍ വാങ്ങാനുള്ള ഡിമാന്റും കുറഞ്ഞു. 2022 സെപ്റ്റംബറില്‍ 30 % ഡിസ്‌കൗണ്ടോടെയാണ് ഇവ ട്രേഡ് ചെയ്തത്.
പക്ഷേ, ബൈജൂസ് നന്നാവുമെന്നും പണമെല്ലാം തിരികെ കിട്ടുമെന്നും പറഞ്ഞ് കാത്തിരിക്കാനൊന്നും നിക്ഷേപകര്‍ക്കാവില്ല. അവര്‍ ബൈജൂസിനെതിരെ നിയമ പോരാട്ടം തുടങ്ങിയിരിക്കുകയാണിപ്പോള്‍. ബൈജൂസിന് നല്‍കിയ 500 മില്യണ്‍ ഡോളര്‍ കാണ്മാനില്ലെന്നാണ് അവരുടെ പരാതി. ഈ പണം ബൈജൂസ് എന്തു ചെയ്‌തെന്ന് അവര്‍ക്കറിയില്ല. പകരം ബൈജൂസ് ഈടുവെച്ച യുഎസിലെ അനുബന്ധ കമ്പനിയെ ഏറ്റെടുക്കാനൊരുങ്ങുകയാണ്. ഈ നിയമ പോരാട്ടമാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് സുപ്രിംകോടതിയില്‍ എത്തിയിരിക്കുന്നത്.
തങ്ങളെ നിരന്തരം അപമാനിക്കാനും താറടിച്ച് കാണിക്കാനുമാണ് വായ്പാ സ്ഥാപനം ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് വായ്പ തിരിച്ചടക്കാത്തതെന്നുമാണ് ബൈജൂസിന്റെ വാദം. തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടിലല്ല ബൈജൂസെന്നും അവര്‍ പ്രതികരിക്കുന്നു.
എന്തായാലും ഈ വായ്പയെടുക്കലും ഇപ്പോള്‍ നടക്കുന്ന നിയമപോരാട്ടവും അനാവശ്യമായിരുന്നോ എന്ന് കാത്തിരുന്ന് തന്നെ കണ്ടറിയണം.