4 Feb 2023 7:00 AM GMT
Summary
- അടിസ്ഥാന മരുന്നുകളുടെ വില കുറയും
ഗുളികകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അടിസ്ഥാന മരുന്നുകളുടെ വില കുറയാന്‍ കേന്ദ്ര ബജറ്റില്‍ 1,250 കോടി രൂപ വകയിരുത്തിയത് ഉപകാരപ്രദമെന്ന് കെ എസ് ഡി പി (കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്).
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 100 കോടി രൂപയായിരുന്നു മരുന്നുവ്യവസായ വികസനത്തിന് വകയിരുത്തിയത്. എന്നാല്‍ ഇത്തവണ ഇത് 1,250 കോടി രൂപയാക്കിയിട്ടുണ്ട്. 12 ഇരട്ടിയിലേറെ വര്‍ധന. സംസ്ഥാനത്തിനും ഇതുകൊണ്ട് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെ എസ് ഡി പിപ്രൊഡക്ഷന്‍ മാനേജര്‍ ടിആര്‍ സന്തോഷ് വ്യക്തമാക്കി.
15 കമ്പനികള്‍
ഇന്ത്യയില്‍ 10,500 ലേറെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുണ്ട്. എന്നാല്‍ അലോപ്പതി മേഖലയില്‍ കേരളത്തിന് എടുത്തു പറയാനുള്ളത് 15 കമ്പനികള്‍ മാത്രം. ഇതില്‍ കെ എസ് ഡി പി (കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്) മാത്രമാണ് പൂര്‍ണമായും സര്‍ക്കാര്‍ ഉടമയിലുള്ള മരുന്നുനിര്‍മാണ സ്ഥാപനം. കെ എസ് ഡി പി നിര്‍മിക്കുന്ന മരുന്നുകളാണ് സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്തുവരുന്നത്.
മലയാളി തിന്നുന്നത് 15,000 കോടി രൂപയുടെ മരുന്ന്
പ്രതിവര്‍ഷം 15,000 കോടിയിലേറെ രൂപയുടെ മരുന്നുകളാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്നാണ് കണക്ക്. 42,943 കോടി രൂപയുടെ മരുന്നുകളാണ് രാജ്യത്തേക്ക് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ കൂടുതലും ചൈനയില്‍ നിന്നാണ്. ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ ഒരു റെഗുലേറ്ററി അതോറിറ്റി ഇല്ലാത്തത് സംസ്ഥാനത്തിന് ഭീഷണിയായിരിക്കുകയാണ്.
ഓങ്കോളജി പാര്‍ക്ക്
പൊതുമേഖലാ-സ്വകാര്യ പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ ഫാര്‍മ പാര്‍ക്കുകള്‍ സംസ്ഥാനത്ത് ആരംഭിക്കണമെന്ന് നൂറിലേറെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ വേദിയായ ചേമ്പര്‍ ഓഫ് ഫാര്‍മ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സംസ്ഥാനത്ത് ഒരു ഫാര്‍മ പാര്‍ക്ക് പോലുമില്ല. എന്നാല്‍ കെ എസ് ഡി പിയുടെ കീഴില്‍ ആലപ്പുഴയില്‍ കാന്‍സര്‍ ചികിത്സയ്ക്കായി ഓങ്കോളജി പാര്‍ക്ക് നിര്‍മിക്കുന്നതിന് അനുമതിയായിട്ടുണ്ട്. 210 കോടി രൂപ ചെലവില്‍ ആറേക്കറില്‍ നിര്‍മിക്കുന്ന ഇത് 2026 ഓടെ യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്.
തലയുയര്‍ത്തി കെഎസ്ഡിപി
ആലപ്പുഴയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് ഡി പി മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും മരുന്നുകള്‍ കയറ്റിയയക്കുന്നുമുണ്ട്. മരുന്നുനിര്‍മാണത്തില്‍ നിലവാരമുള്ള സംവിധാനങ്ങളുള്ള ഈ സ്ഥാപനത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് കെ എസ് ഡി പി ഒരുലക്ഷത്തിലേറെ യൂണിറ്റ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിച്ചത് പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ഇത് ലഭ്യമാക്കാന്‍ സഹായിച്ചു.
5000 കോടി ഡോളര്‍ ബിസിനസ്
നിലവില്‍ 5000 കോടി ഡോളറിന്റെ ആഭ്യന്തര ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായമാണ് രാജ്യത്തുള്ളത്. മരുന്നുനിര്‍മാണ മേഖലയില്‍ ഗവേഷണവും പുതിയ കണ്ടുപിടിത്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതിയുണ്ടെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും ഊന്നലുണ്ടാകുമെന്നാണ് വാഗ്ദാനം.