20 April 2023 6:07 PM IST
Summary
- മുന്‍പാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ ഇടിവ്
- അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിനും മുകളിലുള്ള റിസള്‍ട്ട്
- സേവന മേഖയലില്‍ നിന്നുള്ള വരുമാനത്തില്‍ 11% വളര്‍ച്ച
മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ സംയോജിത അറ്റാദായം 3,983 കോടി രൂപയിലെത്തിയതായി എച്ച്സിഎല്‍ ടെക് പ്രഖ്യാപിച്ചു. മുന്‍ വര്‍ഷം സമാനപാദത്തിലെ 3,953 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 10.85% വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഓരോ ഓഹരിക്കും 18 രൂപ വീതം ഇടക്കാല ഡിവഡന്‍റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 18% ഉയര്‍ന്ന് 26,606 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 26,606 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനമായി രേഖപ്പെടുത്തിയിരുന്നത്. മുന്‍ പാദത്തെ അപേക്ഷിച്ച് 3% ഇടിവാണ് അറ്റാദായത്തില്‍ ഉണ്ടായിട്ടുള്ളത്. ഡിസംബര്‍ പാദത്തില്‍ 4,096 കോടി രൂപയുടെ അറ്റാദായം നേടാനായിരുന്നു. എങ്കിലും അനലിസ്റ്റുകള്‍ പൊതുവില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട അറ്റാദായമാണ് നാലാംപാദത്തില്‍ ഉണ്ടായിട്ടുള്ളത്.
കറൻസി സ്ഥിര മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ മുന്‍പാദത്തെ അപേക്ഷിച്ച് വരുമാന വളർച്ച നാലാംപാദത്തില്‍ 1.2% കുറഞ്ഞു. എന്നാൽ മുന്‍വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് 10% ഉയർന്നു. യുഎസ് ഡോളറിന്‍റെ അടിസ്ഥാനത്തിൽ, വരുമാനം 2021-22 നാലാം പാദത്തെ അപേക്ഷിച്ച് 8% വർധിച്ച് $3,235 മില്യണ്‍ ആയി.
കറൻസി സ്ഥിര മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ സേവന മേഖലയില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 11% ഉയര്‍ന്നു.