image

13 April 2023 9:25 AM

Business

ഇന്ത്യന്‍ കമ്പനികളുടെ വരുമാന വളര്‍ച്ച പകുതിയാകും: ക്രിസില്‍

MyFin Desk

revenue growth of Indian companies will halve
X

Summary

  • സ്റ്റീല്‍ വ്യവസായത്തില്‍ പ്രതീക്ഷിക്കുന്നത് 7-9 % വരുമാന ഇടിവ്
  • വ്യോമയാന വ്യവസായത്തില്‍ 98% വളര്‍ച്ച
  • 47 മേഖലകളെയാണ് റിപ്പോര്‍ട്ടിനായി വിലയിരുത്തിയത്


മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ വരുമാന വളര്‍ച്ചാ നിരക്ക് പകുതിയായി കുറയുമെന്ന് വിപണി വിശകലന വിദഗ്ധരായ ക്രിസിലിന്റെ റിപ്പോര്‍ട്ട്. മുന്‍ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 22.8% വളര്‍ച്ചയാണ് ഇന്ത്യന്‍ കമ്പനികള്‍ രേഖപ്പെടുത്തിയതെങ്കില്‍, 2022-23 നാലാം പാദത്തില്‍ ഇത് 10-12 ശതമാനം മാത്രമായിരിക്കുമെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. മുന്‍വര്‍ഷത്തെ ഉയര്‍ന്ന അടിസ്ഥാന നിലയും കയറ്റുമതിയില്‍ ഇപ്പോഴും നേരിടുന്ന വെല്ലുവിളികളുമാണ് വളര്‍ച്ച പരിമിതപ്പെടുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നിരുന്നാലും മൂന്നാം പാദത്തെ അപേക്ഷിച്ച് വരുമാന വളര്‍ച്ച 4-6% മെച്ചപ്പെടാനിടയുണ്ട്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ആവശ്യകത ആഗോള വെല്ലുവളികള്‍ക്കിടയിലും സ്ഥിരത പുലര്‍ത്തുന്നതും ഉല്‍സവ സീസണിലെ ആവേശം വലിയൊരളവ് തുടരുന്നതുമാണ് ഇതിന് കാരണം. ഏകദേശം 300 കമ്പനികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ധനകാര്യ മേഖലയിലെയും എണ്ണ-വാതക മേഖലയിലെയും കമ്പനികളെ റിപ്പോര്‍ട്ടില്‍ പരിഗണിച്ചിട്ടില്ല.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി ഇന്ത്യന്‍ കമ്പനികള്‍ 19-21% വളര്‍ച്ച സ്വന്തമാക്കുമെന്നാണ് കണക്കാക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 27 ശതമാനത്തേക്കാള്‍ ഏറേ കുറവാണിത്. പ്രവര്‍ത്തന ലാഭം ഏകദേശം 300 ബേസിസ് പോയിന്റിനടുത്ത് എത്തുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. വരുമാന വളര്‍ച്ചയിലെ ഇടിവ് എല്ലാ മേഖലയിലും ഒരേ തരത്തിലായിരിക്കില്ല. കൂടുതലായി കയറ്റുമതിയെ ആശ്രയിക്കുന്ന മേഖലകളിലും ചരക്കുല്‍പ്പന്നങ്ങളിലുമാണ് ഇത് പ്രകടമാകുക. 47 മേഖലകളെയാണ് റിപ്പോര്‍ട്ടിനായി വിലയിരുത്തിയത്. ഇതില്‍ ടെക്‌സ്റ്റൈല്‍, ജ്വല്ലറി, ഐടി അധിഷ്ഠിത സേവനങ്ങള്‍ എന്നിവയെല്ലാം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ചയിലെ ഇടിവ് പ്രകടമാക്കും.

സ്റ്റീലില്‍ ഇടിവ്, വ്യോമയാനത്തില്‍ വര്‍ധന

കണക്കാക്കിയ മേഖലകളിലെ മൊത്തം വരുമാനത്തില്‍ 11 ശതമാനം പങ്കുവഹിക്കുന്ന സ്റ്റീല്‍ മേഖലയുടെ വരുമാനത്തില്‍ 7-9 % ഇടിവാണ് പ്രതീക്ഷിക്കുന്നത്. 2022 മേയ് മുതല്‍ കയറ്റുമതി തീരുവ ചുമത്തപ്പെടുന്നത്, ആഗോള ആവശ്യകതയിലെ മാന്ദ്യം, ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിച്ചത് എന്നിവയെല്ലാമാണ് ഇതിന് പ്രധാന കാരണം. ആഗോള ആവശ്യകത ഇടിഞ്ഞത് അലുമിനിയം വ്യവസായത്തിന്റെ വരുമാനത്തില്‍ 17-19% ഇടിവിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.

മഹാമാരിയുടെ ഭീതിയൊഴിഞ്ഞതിന്റെ ഭാഗമായി വിനോദയാത്രകളിലും ബിസിനസ് യാത്രകളിലുമുണ്ടായ വന്‍ തിരിച്ചുവരവിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ വ്യവസായവും വ്യോമയാന വ്യവസായവും യഥാക്രമം 98%, 67% വളര്‍ച്ച കരസ്ഥമാക്കും. ടെലികോം കമ്പനികളുടെ വരുമാനത്തില്‍ 13% വളര്‍ച്ചയാണ് ഉണ്ടായത്.

ആരോഗ്യകരമായ വരുമാന വളര്‍ച്ചയുണ്ടായെങ്കിലും പ്രവര്‍ത്തന ലാഭം 150-200 ബിപിഎസ് ചുരുങ്ങിയേക്കും. അതേസമയം ഏതാനും പാദങ്ങളിലായി വര്‍ധന പ്രകടമാക്കിയിരുന്ന അസംസ്‌കൃത വസ്തുക്കളുടെ വില മയപ്പെട്ടു. എന്നാല്‍ ഡിസംബര്‍ പാദത്തിലെ 19 ശതമാനത്തെ അപേക്ഷിച്ച് പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ നേരിയ വര്‍ധനയോടെ മാര്‍ച്ച് പാദത്തില്‍ 19-20 ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.