4 Jan 2025 11:39 AM GMT
ലോകത്തെ ഏറ്റവും ഉയരമുളള കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് ഇന്ന് പതിനഞ്ചാം പിറന്നാൾ. 2010 ജനുവരി നാലിനാണ് ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തത്. 2004 ല്‍ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങള്‍ കൃത്യം ആറ് വർഷം കൊണ്ട് പൂർത്തിയാക്കാന്‍ കഴിഞ്ഞു.
163 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. നിർമ്മാണ ചെലവ് 1.5 ബില്ല്യണ്‍ ഡോളറാണ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ബുർജ് ഖലീഫയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കിഡ്മോർ, ഓവിങ്സ് ആന്റ് മെറിൽ എന്ന സ്ഥാപനമാണ് ഈ കെട്ടിടത്തിന്റെ എഞ്ചിനീയറിംഗും ആർക്കിടെക്ചറും ചെയ്തിരിക്കുന്നത്. ലോകപ്രശസ്തരായ ബിൽ ബേക്കർ എന്ന ചീഫ് സ്ട്രക്ച്വറൽ എഞ്ചിനീയറും, അഡ്രിയൻ സ്മിത്ത് എന്ന ചീഫ് ആർക്കിടെക്റ്റും ചേർന്നാണ് ഇതിന്റെ രൂപകൽപ്പന നിർവ്വഹിച്ചത്. ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ്ങ് C&T ആണ് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രധാന കോൺട്രാക്റ്റർ.
ലോകത്തിലെ മറ്റു രണ്ട് സുപ്രധാന അംബരചുംബികളായ തായ്പേയ് 101, മലേഷ്യയിലെ ട്വിൻ ടവറുകൾ എന്നിവ നിർമ്മിച്ച പരിചയമാണ് സാംസങ്ങിനെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. അവരോടൊപ്പം Samsung, BESIX, Arabtec തുടങ്ങിയ യൂ.എ.ഇ കമ്പനികളും നിർമ്മാണപ്രവർത്തനങ്ങളിൽ തുല്യ പങ്കു വഹിച്ചു. ഹൈദർ കൺസൾട്ടിംഗ് കമ്പനിയാണ് നിർമ്മാണത്തിലെ എഞ്ചിനീയറിംഗ് സൂപ്പർവൈസറായി നിയോഗിക്കപ്പെട്ടത്. 12000 ൽ അധികം നിർമ്മാണ തൊഴിലാളികൾ ഈ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിനു പിന്നിൽ അധ്വാനിച്ചിട്ടുണ്ട്. കൂടാതെ അത്രതന്നെ എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ തുടങ്ങിയവർ ഇതിന്റെ വിവിധ എഞ്ചിനീയറിംഗ് ജോലികളിൽ പങ്കെടുത്തു.