23 Sep 2024 7:54 AM GMT
വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണത്തിന് പിന്നാലെ ബുള്ളറ്റ് ട്രെയിൻ നിർമ്മാണത്തിലേക്ക് കടക്കുകയാണ് പൊതുമേഖല സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ). മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് പദ്ധതിയ്ക്കായി രണ്ട് ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കാനുള്ള കരാറാണ് ബെമലിന് ലഭിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽനിന്ന് ബുള്ളറ്റ് ട്രെയിൻ വൻവില നൽകി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസർക്കാർ ആദ്യം ആലോചിച്ചത്. വിദേശകമ്പനികൾ അമിതവില ആവശ്യപ്പെട്ടതും വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ പകുതിവിലയ്‌ക്ക് മികച്ച നിലവാരത്തിൽ നിർമിച്ചുനൽകിയതും കണക്കിലെടുത്താണ് ബെമലിനെ പരിഗണിച്ചത്.
8 കോച്ചുകൾ വീതമുള്ള രണ്ട് ബുള്ളറ്റ് ട്രെയിനുകളുടെ നിർമാണത്തിനാണ് നിലവിൽ കരാർ ഉള്ളത്. മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽവേ പാതയിൽ പ്രതിദിന സർവീസിനായാണ് ഇവ ഉപയോഗിക്കുക. മണിക്കൂറിൽ 250 കിലോമീറ്റർ മുതൽ 280 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ബുള്ളറ്റ് ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേയ്ക്കായി ബെമൽ നിർമിക്കുക. 2026 ൽ നിർമാണം പൂർത്തിയാക്കും. ഒരു ബുള്ളറ്റ് ട്രെയിനിന് 200 മുതൽ 250 കോടി രൂപവരെ ചെലവുവരും. ബെംഗളൂരുവിലെ ബെമൽ യൂണിറ്റിൽ നിന്നാകു ബുള്ളറ്റ് ട്രെയിൻ പുറത്തിറങ്ങുക. പാലക്കാട് , മൈസൂർ , കോലാർ ഖനി എന്നിവിടങ്ങളിലും ബെമലിന് നിർമാണ യൂണിറ്റുണ്ട്.