12 Jan 2025 10:53 AM GMT
Summary
- ആദായനികുതി പരിധി വര്‍ധിപ്പിക്കണം
- ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളുടെ വില്‍പ്പനയിലെ മൂലധനനേട്ട നികുതി പിരഷ്‌ക്കരിക്കണം
- പ്രോപ്പര്‍ട്ടി വില്‍ക്കുന്ന എന്‍ആര്‍ഐക്കാരുടെ നികുതി ഫയല്‍ ചെയ്യല്‍ പ്രക്രിയ ലളിതമാക്കണം
മാറ്റങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് നികുതിദായകരും ബിസിനസ് സമൂഹവും കേന്ദ്ര ബജറ്റിനായി കാത്തിരിക്കുയാണ്. സാമ്പത്തിക ആശ്വാസം വര്‍ധിപ്പിക്കുന്നതിനും നികുതി സമ്പ്രദായം ലളിതമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്നാണ് പൊതുവെ പുറത്തുപരുന്ന സൂചനകള്‍. എ എച്ച് എസ് ജി & കോ എല്‍എല്‍പിയുടെ ടാക്സേഷന്‍ ഡയറക്ടര്‍ സിഎ അനുജ് ഗാര്‍ഗ് പറയുന്നതനുസരിച്ച്, വരാനിരിക്കുന്ന ബജറ്റ് വ്യക്തിഗത നികുതിദായകര്‍ക്ക് ആവശ്യമായ ആശ്വാസം നല്‍കുകയും സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ വ്യക്തിഗത നികുതിദായകര്‍ക്കുള്ള മിനിമം സ്ലാബ് നിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് അദ്ദേഹം മുന്നോട്ടുവച്ച പ്രധാന ശുപാര്‍ശകളിലൊന്ന്. നിലവില്‍, 3 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ നികുതിയൊന്നും നല്‍കുന്നില്ല. ഈ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന് പൊതുവെ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ നടപടി, ഇടത്തരം ആദായനികുതിദായകര്‍ക്ക് ഉടനടി ആശ്വാസം നല്‍കുകയും ഉപഭോഗവും സാമ്പത്തിക പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യും.
ഇക്വിറ്റി ഷെയറുകള്‍, ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍, സമാന ആസ്തികള്‍ എന്നിവയുടെ വില്‍പ്പനയില്‍ നിന്ന് ഉണ്ടാകുന്ന ദീര്‍ഘകാല മൂലധന നേട്ടങ്ങളുടെ (എല്‍ടിസിജി) നികുതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് മറ്റൊരു പ്രധാന ശുപാര്‍ശ. ഇളവ് പരിധി 1 ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. ഇത് 2-2.5 ലക്ഷമെങ്കിലുമാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. ഈ നടപടി രാജ്യത്തിന്റെ മൂലധന വിപണികള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ പ്രോപ്പര്‍ട്ടി വില്‍ക്കുന്ന നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) നികുതി ഫയല്‍ ചെയ്യല്‍ പ്രക്രിയ ബുദ്ധിമുട്ടാണ്. വീട് വാങ്ങുന്നവര്‍ നിലവില്‍ 50ലക്ഷം രൂപയില്‍ കൂടുതലുള്ള പ്രോപ്പര്‍ട്ടി ഇടപാടുകള്‍ക്ക് 1% ടിഡിഎസ് നല്‍കേണ്ടതുണ്ട്. എന്നിരുന്നാലും, വില്‍പ്പനക്കാരന്‍ ഒരു പ്രവാസിയാണെങ്കില്‍, വീട് വാങ്ങുന്നയാള്‍ ആദ്യം ഒരു ടാക്‌സ് ഡിഡക്ഷന്‍ അക്കൗണ്ട് നമ്പര്‍ (ടാന്‍) നേടുകയും നിലവിലുള്ള നിരക്കില്‍ ടിഡിഎസ് കുറയ്ക്കുന്നതിന് സങ്കീര്‍ണ്ണമായ ഒരു നടപടിക്രമം പിന്തുടരുകയും വേണം. ഈ പ്രക്രിയ ലളിതമാക്കാനും നിര്‍ദ്ദേശമുണ്ട്.
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് മികച്ച പിന്തുണയും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. കമ്പനികള്‍ക്ക് ഉത്തേജനം പകരും വിധം ആദ്യനികുതി നിയമത്തില്‍ മാറ്റം കൊണ്ടുവരുമെന്നും വിലയിരുത്തപ്പെടുന്നു.