image

18 Jun 2024 5:53 AM GMT

India

ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ പ്ലാന്റുമായി വിവോ

MyFin Desk

vivo new plant in greater noida
X

Summary

  • പ്ലാന്റിന് 120 ദശലക്ഷം ഉപകരണങ്ങളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി
  • ഇന്ത്യയില്‍ ഒരു പ്രാദേശിക സംയുക്ത സംരംഭ പങ്കാളിയെ വിവോ തേടുന്നു
  • ഇന്ത്യ-ചൈന സംയുക്ത സംരംഭങ്ങള്‍ക്ക് പ്രാദേശിക പങ്കാളിക്ക് 51 ശതമാനമെങ്കിലും ഓഹരി ഉണ്ടായിരിക്കണം


ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അടുത്ത മാസം ഗ്രേറ്റര്‍ നോയിഡയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ പ്ലാന്റ് തുറക്കും. 3,000 കോടി രൂപയിലധികം മുതല്‍മുടക്കിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. 120 ദശലക്ഷം ഉപകരണങ്ങളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി ഇവിടെ ഉണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിവോ നേരത്തെ ടാറ്റ ഗ്രൂപ്പ്, മുരുഗപ്പ ഗ്രൂപ്പ്, ഇന്ത്യന്‍ കരാര്‍ നിര്‍മ്മാതാക്കളായ ഡിക്‌സണ്‍ ടെക്‌നോളജീസ് എന്നിവരുമായി ഒരു സംയുക്ത സംരംഭത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, മൂല്യനിര്‍ണയം സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ചര്‍ച്ചകള്‍ വഴിമുട്ടി. ഇപ്പോള്‍ കമ്പനി അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇന്ത്യയില്‍ ഒരു പ്രാദേശിക സംയുക്ത സംരംഭ പങ്കാളിയെ തേടുകയാണ്.

അടുത്തിടെ, കമ്പനി 40 ദശലക്ഷം ഉപകരണങ്ങളുടെ വാര്‍ഷിക ശേഷിയുള്ള പാട്ടത്തിനെടുത്ത നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് മാറിയിരുന്നു. ഈ പ്ലാന്റ് ഇപ്പോള്‍ മൈക്രോമാക്സ് ഇന്‍ഫോര്‍മാറ്റിക്സിന്റെ നിര്‍മ്മാണ യൂണിറ്റായ ഭഗവതി എന്റര്‍പ്രൈസസ് ഏറ്റെടുത്തു.

വിവോയുടെ പുതിയ സൗകര്യം ഗ്രേറ്റര്‍ നോയിഡയില്‍ 170 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്.കൂടാതെ 120 ദശലക്ഷം യൂണിറ്റുകളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയുമുണ്ട്. പുതിയ പ്ലാന്റ് രാജ്യത്തെ തൊഴിലവസരങ്ങള്‍ ഉയര്‍ത്തുമെന്നും കരുതപ്പെടുന്നു.

അതേസമയം വിവോയുമായുള്ള ചര്‍ച്ചകളുടെ പ്രാരംഭ ഘട്ടത്തിലാണ് കമ്പനിയെന്ന് ഡിക്‌സണ്‍ ടെക്‌നോളജീസ് അറിയിച്ചു. ഒരു സംയുക്ത സംരംഭത്തിന് സാധ്യതയുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

വിവോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രാന്‍സ്ഷനുമായി ഉണ്ടാക്കിയ കരാറിന് സമാനമായ ഒരു കരാറാണ് ഡിക്സണ്‍ ആഗ്രഹിക്കുന്നത്.

അതേസമയം വിവോയുടെ ഇന്ത്യന്‍ ഡിവിഷനില്‍ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാനുള്ള വിപുലമായ ചര്‍ച്ചയിലാണ് ടാറ്റ ഗ്രൂപ്പ്. മൂല്യനിര്‍ണയം അന്തിമമാക്കുന്നതിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

ഇന്ത്യന്‍ പങ്കാളിക്ക് പ്രാദേശിക യൂണിറ്റില്‍ 51 ശതമാനമെങ്കിലും ഭൂരിപക്ഷം ഓഹരിയുണ്ടെന്ന വ്യവസ്ഥയില്‍ ഇന്ത്യന്‍, ചൈനീസ് കമ്പനികള്‍ തമ്മിലുള്ള സംയുക്ത സംരംഭങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കാമെന്നതാണ് വിവോയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്.