26 Jan 2025 9:44 AM GMT
Summary
- യുഎസില്‍ നിന്നുള്ള ഇറക്കുമതിയിലും വര്‍ധനവ്
- ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഉഭയകക്ഷി വ്യാപാരത്തില്‍ ചൈന മുന്നില്‍
- യുഎസ്-ചൈന വ്യാപാര യുദ്ധം കനത്താല്‍ അത് ഇന്ത്യക്ക് അനുകൂലമായേക്കാം
ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്കുണ്ടായ അമേരിക്കന്‍ വിപണിയിലെ ആരോഗ്യകരമായ ഡിമാന്‍ഡ് കാരണം ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ രാജ്യത്തിന്റെ കയറ്റുമതിയില്‍ വന്‍ വര്‍ധന. യുഎസിലേക്കുള്ള കയറ്റുമതി 5.57 ശതമാനം ഉയര്‍ന്ന് 59.93 ബില്യണ്‍ ഡോളറിലെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡിസംബറില്‍ മാത്രം, കയറ്റുമതി 8.49 ശതമാനം വര്‍ധിച്ച് 7 ബില്യണ്‍ ഡോളറിലെത്തി.
മറുവശത്ത്, 2024-25ലെ ആദ്യ ഒമ്പത് മാസങ്ങളിലെ ഇറക്കുമതി 1.91 ശതമാനം വര്‍ധിച്ച് 33.4 ബില്യണ്‍ ഡോളറിലെത്തി, ഡിസംബറില്‍ അത് 9.88 ശതമാനം ഉയര്‍ന്ന് 3.77 ബില്യണ്‍ ഡോളറായി.
വിദഗ്ധരുടെ അഭിപ്രായത്തില്‍, ട്രെന്‍ഡ് അനുസരിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാരം വരും മാസങ്ങളിലും വളരും.
2024-25 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഉഭയകക്ഷി വ്യാപാരം 93.4 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം ഈ കാലയളവില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം 94.6 ബില്യണ്‍ ഡോളറാണ്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ കയറ്റുമതി സാധ്യതകള്‍ നല്‍കുമെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. 2021-22 കാലഘട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ 18 ശതമാനവും ഇറക്കുമതിയില്‍ 6 ശതമാനവും ഉഭയകക്ഷി വ്യാപാരത്തില്‍ 11 ശതമാനവും യുഎസില്‍ നിന്നാണ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതുപോലെ ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് അധിക തീരുവ ചുമത്തിയാല്‍ അത് വ്യാപാരത്തെ ബാധിക്കുമെന്ന് ചില വിദഗ്ധര്‍ ആശങ്ക ഉന്നയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ചില അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ ന്യൂ ഡല്‍ഹി ചുമത്തിയതിന് പ്രതികാരമായി തിരിച്ചും താരിഫുകള്‍ ചുമത്താനുള്ള തന്റെ ഉദ്ദേശ്യം ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു.
2018ല്‍, ഇന്ത്യന്‍ സ്റ്റീലിനും അലൂമിനിയത്തിനും യുഎസ് നികുതി ചുമത്തിയപ്പോള്‍, 29 യുഎസ് ഉല്‍പ്പന്നങ്ങളുടെ താരിഫ് ഉയര്‍ത്തിക്കൊണ്ട് ഇന്ത്യ തിരിച്ചടിച്ചു, തത്തുല്യമായ വരുമാനം തിരിച്ചുപിടിച്ചു.