image

11 Jan 2025 9:34 AM GMT

India

കേന്ദ്ര ബജറ്റ്: പ്രതീക്ഷ പുലര്‍ത്തി റിയല്‍ എസ്റ്റേറ്റ് മേഖല

MyFin Desk

കേന്ദ്ര ബജറ്റ്: പ്രതീക്ഷ പുലര്‍ത്തി  റിയല്‍ എസ്റ്റേറ്റ് മേഖല
X

Summary

  • വ്യവസായ പദവി പ്രതീക്ഷിച്ച് റിയല്‍ എസ്റ്റേറ്റ് മേഖല
  • ആദ്യമായി വീട് വാങ്ങുന്നവരെ കൂടുതല്‍ പിന്തുണയ്ക്കുന്ന നടപടികള്‍ വേണം
  • താങ്ങാനാവുന്ന ഭവന നിര്‍വചനം 80 ലക്ഷം രൂപയായി പരിഷ്‌കരിക്കണം


വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് സംബന്ധിച്ച് കോര്‍പ്പറേറ്റ് മേഖല ഏറെ പ്രതീക്ഷ പുലര്‍ത്തുന്നു. അതില്‍ പ്രധാനം റിയല്‍ എസ്റ്റേറ്റ് മേഖലയാണ്. സമ്പദ് വ്യവസ്ഥ പ്രതീക്ഷയ്ക്ക് വിരുദ്ധമായി പല വെല്ലുവിളികളും നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖല വ്യവസായ പദവിയും വളര്‍ച്ച വര്‍ധിപ്പിക്കുന്നതിന് നികുതി പരിഷ്‌കാരങ്ങളും തേടുന്നു. വ്യവസായ പദവി എന്നത് കാലങ്ങളായുള്ള ആവശ്യമാണ്.

ഉപഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതിനും ധനസഹായം അതിവേഗം ലഭ്യമാക്കുന്നതിനും വ്യവസായ പദവി പ്രയോജനം ചെയ്യും. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുന്നതിനും ചെലവ് കാര്യക്ഷമമാക്കുന്നതിനും ഏകജാലക ക്ലിയറന്‍സ് നടപ്പിലാക്കണമെന്നും റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍നിന്ന് ആവശ്യമുയര്‍ന്നു.

ജിഎസ്ടി ഇന്‍പുട്ട് ക്രെഡിറ്റുകള്‍ വീണ്ടും അവതരിപ്പിക്കുന്നത് റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ആദ്യമായി വീട് വാങ്ങുന്നവരെ പിന്തുണയ്ക്കുന്നതിനായി ഭവനവായ്പയുടെ പലിശ ഇളവ് പ്രതിവര്‍ഷം 8 ലക്ഷം രൂപയായി വര്‍ധിപ്പിക്കുമെന്നും മേഖലയിലെ കമ്പനികള്‍ പ്രതീക്ഷിക്കുന്നു.

''റിയല്‍ എസ്റ്റേറ്റ് ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. എന്നിട്ടും കാര്യമായ പ്രയോജനപ്പെടുത്താത്ത സാധ്യതകള്‍ അവശേഷിക്കുന്നു. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകള്‍ നീട്ടിക്കൊണ്ടും മെറ്റീരിയലുകളുടെ ജിഎസ്ടി കുറച്ചുകൊണ്ടും ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകള്‍ ബജറ്റ് പരിഹരിക്കണം, ''ആര്‍ഐഎസ്ഇ ഇന്‍ഫ്രാവെഞ്ചേഴ്സിന്റെ സ്ഥാപകനും സിഇഒയുമായ സച്ചിന്‍ ഗൗരി പറഞ്ഞു.

താങ്ങാനാവുന്ന ഭവന നിര്‍വചനം 80 ലക്ഷം രൂപയായി പരിഷ്‌കരിക്കാനും അത്തരം പദ്ധതികള്‍ക്ക് 100% നികുതി അവധി പുനഃസ്ഥാപിക്കാനും വിതരണം വര്‍ധിപ്പിക്കുന്നതിന് പുതിയ ലാന്‍ഡ് ബാങ്കുകള്‍ സൃഷ്ടിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ബജറ്റ് അവതരണം അടുത്തുവരുമ്പോള്‍ സ്റ്റാര്‍ട്ടപ്പ് മേഖലയും സര്‍ക്കാരിന്റെ പിന്തുണ തേടുന്നുണ്ട്. വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന സങ്കീര്‍ണ്ണതകള്‍ കുറച്ചുകൊണ്ട് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതില്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിര്‍ണായകമാണെന്ന് അവര്‍ ആവശ്യപ്പെടുന്നു.

ആരോഗ്യമേഖലയും മികച്ച നിക്ഷേപങ്ങളും നയങ്ങളും ആവശ്യപ്പെടുന്നു. പുതിയ വൈറസുകളുടെ ആവിര്‍ഭാവം മേഖലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പൊതുജനാരോഗ്യ സംരക്ഷണ ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള വ്യക്തമായ പദ്ധതി ബജറ്റില്‍ ആരോഗ്യമേഖല പ്രതീക്ഷിക്കുന്നു. പുതിയ ആരോഗ്യ സംരക്ഷണ പദ്ധതികള്‍ക്കായി ആദായനികുതി നിയമത്തിലെ സെക്ഷന്‍ 35 എഡി പ്രകാരം 150% കിഴിവ് പുനഃസ്ഥാപിക്കുക, പുതിയ പ്രോജക്റ്റുകള്‍ക്ക് കുറഞ്ഞത് 15 വര്‍ഷത്തേക്ക് നികുതി അവധി നല്‍കുക, നിലവിലുള്ള സൗകര്യങ്ങള്‍ക്ക് 10 വര്‍ഷത്തെ നികുതി ഇളവ് എന്നിവ മേഖലയുടെ പ്രധാന ആവശ്യങ്ങളാണ്.