21 Sep 2023 5:30 AM GMT
Summary
- 2024-25 ലെ ബജറ്റ് എസ്റ്റിമേറ്റുകള്‍ പ്രീ-ബജറ്റ് മീറ്റിംഗുകള്‍ക്ക് ശേഷം താല്‍ക്കാലികമായി വിലയിരുത്തും. ഇത് ഒരിക്കലും അന്തിമമായിരിക്കില്ല.
2024-25 ലെ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രീ ബജറ്റ് മീറ്റിംഗുകള്‍ ഒക്ടോബര്‍ 10 മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ധനകാര്യ സെക്രട്ടറിയുടേയും ചെലവ് വിഭാഗം സെക്രട്ടറിയുടേയും അധ്യക്ഷതയിലായിരിക്കും യോഗം ചേരുക. നവംബര്‍ 14 വരെയാണ് യോഗം നടക്കുക.
അടുത്ത വര്‍ഷം ആദ്യം ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത് ഇടക്കാല ബജറ്റായിരിക്കും. പൊതു തെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും.
ഗ്രാന്റുകളും നീക്കിയിരിപ്പുകളുമായി ബന്ധപ്പെട്ട് 2023-24 ലെ ചെലവായ തുകകൾ (റിവൈസ്ഡ് എസ്റ്റിമേറ്റ്) ,2024-25 ലെ ബജറ്റ് എസ്റ്റിമേറ്റും അന്തിമമാക്കുന്നതിനുള്ളതാണ് പ്രീ-ബജറ്റ് ചര്‍ച്ചകള്‍. ധനമന്ത്രാലയത്തിന്റെ ബജറ്റ് ഡിവിഷന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ഇന്നലെ വിതരണം ചെയ്തിട്ടുണ്ട്.
വിവിധ ആവശ്യങ്ങള്‍ കണക്കിലെടുത്ത് പ്രീ-ബജറ്റ് മീറ്റിംഗുകളുടെ ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതിനാല്‍, ആവശ്യമായ വിശദാംശങ്ങള്‍ വരുന്ന ഒക്ടോബര്‍ അഞ്ചിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് മന്ത്രാലയങ്ങളും വകുപ്പുകളും ഉറപ്പാക്കണമെന്നും നോട്ടീസില്‍ പറയുന്നു.
2019 ജൂലൈയില്‍ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആറാമത്തെ ബജറ്റായിരിക്കും വരൻ പോകുന്നത്.