image

1 Feb 2024 7:28 AM GMT

India

അടിസ്ഥാന സൗകര്യവികസന ചെലവ് ഉയര്‍ത്തി

MyFin Desk

increased infrastructure spending
X

Summary

  • ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പരിവര്‍ത്തനത്തിലൂടെ കടന്നു പോകുന്നു
  • ധനക്കമ്മി 5.1 ശതമാനമായി കുറയ്ക്കുക ലക്ഷ്യം


അടിസ്ഥാന സൗകര്യവികസന ചെലവ് 2025 സാമ്പത്തിക വര്‍ഷത്തില്‍ 11.11 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പാര്‍ലമെന്റില്‍ 2024 ലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് ജിഡിപിയുടെ 3.4 ശതമാനമാണ്.

അടുത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്‌ല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഒരു പരിവര്‍ത്തനത്തിലൂടെ കടന്നുപോകുകയാണെന്ന് ധനമന്ത്രി അടിവരയിട്ട് പറഞ്ഞു.

നടപ്പുവര്‍ഷത്തെ കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 5.8 ശതമാനമായി കുറച്ചതിന് ശേഷം 2024/25 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 5.1 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി.

അടുത്ത അഞ്ച് വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ നാളുകളായിരിക്കും. 2047 ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം രാജ്യം കൈവരിക്കും. അതിനാല്‍ സാമ്പത്തിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന നയങ്ങളാകും സര്‍ക്കാര്‍ സ്വീകരിക്കുക. അടുത്ത തലമുറയിലെ പരിഷ്‌കാരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു.

ഇതിനകം നിര്‍മ്മിച്ച മൂന്ന് കോടി വീടുകള്‍ക്കൊപ്പം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2 കോടി താങ്ങാനാവുന്ന വീടുകള്‍കൂടി സര്‍ക്കാര്‍ നിര്‍മ്മിക്കുമെന്ന് സീതാരാമന്‍ പറഞ്ഞു. ഇടത്തരക്കാര്‍ക്കുള്ള ഭവന പദ്ധതിയും സര്‍ക്കാര്‍ ആരംഭിക്കുമെന്നും വിശദാംശങ്ങള്‍ നല്‍കാതെ അവര്‍ പറഞ്ഞു.