20 April 2024 8:48 AM GMT
Summary
- കാലാവസ്ഥാ ലക്ഷ്യങ്ങള്‍, അന്താരാഷ്ട്ര സാമ്പത്തിക രൂപരേഖ, സാമ്പത്തിക പരിവര്‍ത്തന പുനര്‍വിചിന്തനം രണ്ട് സെഷനുകളിലും ചര്‍ച്ച ചെയ്തു.
- അന്താരാഷ്ട്ര സാമ്പത്തിക രൂപരേഖ പരിഷ്‌കരിക്കണമെന്ന് ശക്തികാന്ത ദാസ്.
- യുഎസ്, ബ്രിട്ടണ്‍, സൗദി അറേബ്യ, ജപ്പാന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധകളുമായി ഉഭയകക്ഷി കൂടിക്കാഴ്ച്ച നടന്നു.
ജി-20 ആതിഥേയത്വം വഹിച്ചുകൊണ്ട് ആഗോള വിഷയങ്ങളില്‍ സമവായം ഉണ്ടാക്കാന്‍ ഇന്ത്യ വഹിച്ച പങ്കിന് ഐഎംഎഫ്-ലോകബാങ്ക് സമ്മേളനത്തില്‍ അഭിനന്ദന പ്രവാഹം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 10 തിയതികളില്‍ ഡെല്‍ഹിയിലാണ് ജി-20 ഉച്ചകോടി നടന്നത്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ മറികടന്ന് 37 പേജുള്ള സമവായ പ്രഖ്യാപനം ഉച്ചകോടി അംഗീകരിച്ചിരുന്നു. കൂടാതെ ആഗോള സമ്പദ് വ്യവസ്ഥയുടെ സ്ഥിരത ഉറപ്പാക്കാന്‍ നിരവധി നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. 'ആഗോള തലത്തില്‍ പ്രസക്തമായ നിരവധി വിഷയങ്ങളില്‍ സമവായമുണ്ടാക്കാന്‍ ഇന്ത്യക്ക് ജി-20 ഉച്ചകോടിയുടെ ആതിഥേയത്തിലൂടെ സാധിച്ചു. ലോക നേതാക്കളുമായി വിവിധ മീറ്റുങ്ങുകള്‍ സമ്മേളനവേളയില്‍ ഇന്ത്യ സംഘടിപ്പിച്ചിരുന്നു. ഇത് വലിയ അഭിനന്ദനം നേടുന്നുണ്ട്,' കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുത്തിന്നില്ല. പകരം, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇത്തവണ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ചത്.
ഐഎംഎഫ്-ലോകബാങ്ക് എന്നിവയുടെ സംയുക്ത വസന്തകാല സമ്മേളനങ്ങളാണ് നടന്നത്. ജി 20യുടെ പ്രസിഡന്റായ ലുല ഡി സില്‍വയ്ക്ക് കീഴില്‍ ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും രണ്ടാമത്തെ യോഗമാണ് ഏപ്രില്‍ 17, 18 തിയതികളില്‍ നടന്നത്.