image

26 Jan 2025 10:39 AM GMT

India

ആനുകൂല്യങ്ങള്‍ തേടി ഹോസ്പിറ്റാലിറ്റി മേഖല

MyFin Desk

hospitality sector seeks benefits
X

Summary

  • നികുതി നിരക്കുകള്‍ യുക്തിസഹമാക്കണം
  • അതിവേഗമുള്ള വിസ നടപടിക്രമങ്ങള്‍ ആവിഷ്‌ക്കരിക്കണം
  • ഹോസ്പിറ്റാലിറ്റിമേഖലയിലേക്ക് നിക്ഷേപം ആകര്‍ഷിക്കണം


അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, നികുതി നിരക്കുകള്‍ യുക്തിസഹമാക്കല്‍, എളുപ്പമുള്ള വിസ നടപടിക്രമങ്ങള്‍ തുടങ്ങിയവ ഉടന്‍ പരിഹരിക്കേണ്ട വിഷയങ്ങളെന്ന് ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. കൂടാതെ വിനോദസഞ്ചാരരംഗത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കണം. മേഖലയ്ക്ക് അതിന്റെ സാധ്യതകളും സാക്ഷാത്കരിക്കുന്നതിന് സര്‍ക്കാരിന്റെ കൂടുതല്‍ പിന്തുണ ആവശ്യവുമാണ്.

വിനോദസഞ്ചാര മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് അവരുടെ ജിഡിപി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ ബി കച്രു ബജറ്റിന് മുന്നോടിയായി പിടിഐയോട് പറഞ്ഞു. ഇന്ത്യയെ മികച്ച രീതിയില്‍ വിപണനം ചെയ്യേണ്ടതിന്റെ ആവശ്യകത ഇന്ന് വളരെ പ്രസക്തമാണ്.

ഉയര്‍ന്ന സാധ്യതകളുള്ള സ്ഥലങ്ങള്‍ ഇന്ത്യ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെയും ആഗോളതലത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

'നമുക്ക് നിക്ഷേപം ആവശ്യമാണ്. നിക്ഷേപം സര്‍ക്കാരിന് മാത്രം ചെയ്യാന്‍ കഴിയില്ല. സ്വകാര്യമേഖലയും നിക്ഷേപിക്കണം. രാജ്യത്ത് നിക്ഷേപിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് അവര്‍ക്ക് മാന്യമായ വരുമാനം തിരികെ ലഭിക്കണം എന്നതാണ്', ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് പറഞ്ഞു. ഇന്ത്യയിലെ 'നികുതി ഒരു വലിയ പ്രശ്നമാണ്' എന്ന് എടുത്തുകാണിച്ചുകൊണ്ട്, കച്രു നികുതിയുടെ വ്യത്യസ്ത നിരക്കുകള്‍ ചൂണ്ടിക്കാണിച്ചു. നികുതി നിരക്കുകള്‍ യുക്തിസഹമാക്കണം. സിംഗപ്പൂര്‍, ശ്രീലങ്ക, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഈ രംഗത്ത് മികച്ച രീതികള്‍ പിന്തുടരുന്നു.

കൂടാതെ, സംസ്ഥാന തലത്തില്‍, ആളുകളെ ക്ഷണിക്കുന്നതിനും അവരുടെ പണം നിക്ഷേപിക്കാന്‍ അവര്‍ക്ക് ചില പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാരുകള്‍ മുന്നോട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'... നമുക്ക് ഒരു ഹോട്ടല്‍ തുടങ്ങാന്‍ 100 ഓളം ലൈസന്‍സുകള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് ഗണ്യമായി കുറഞ്ഞു. എന്നിട്ടും, ഞങ്ങള്‍ക്ക് ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് എളുപ്പമാക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. പ്രാഥമികമായി, ഒരു ഏകജാലകം ഉണ്ടായിരിക്കണമെന്ന് എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ ആ ഘട്ടം വരുന്നതുവരെ, അംഗീകാര പ്രക്രിയകള്‍ പരമാവധി കുറയ്ക്കണമെന്ന് എനിക്ക് തോന്നുന്നു,' കച്രു പറഞ്ഞു.

തായ്ലന്‍ഡിന്റെ ജിഡിപിയില്‍ വിനോദസഞ്ചാരത്തിന്റെ സംഭാവന ഏകദേശം 25 ശതമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇപ്പോഴും 6 ശതമാനമോ അതില്‍ കൂടുതലോ ആണ്.

സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രഖ്യാപിച്ച 50 പുതിയ ലക്ഷ്യസ്ഥാനങ്ങളില്‍ ഹോട്ടലുകള്‍, വിനോദ കേന്ദ്രങ്ങള്‍, കണ്‍വെന്‍ഷന്‍ ഹാളുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹോസ്പിറ്റാലിറ്റി മേഖലക്ക് വ്യവസായ പദവി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.