27 Jan 2025 11:53 AM GMT
Summary
- ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയവയില്‍ ഇളവുണ്ടായേക്കും
- ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ ഇളവ് 75,000 രൂപയോ അതിലധികമോ ആക്കണമെന്നും ആവശ്യം
- ആദായ നികുതിപരിധി ഉയര്‍ത്തുന്നതും സജീവ പരിഗണനയില്‍
ബജറ്റില്‍ പുതിയ നികുതി സ്ലാബില്‍ നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. എങ്കിലും മധ്യവര്‍ഗ്ഗത്തിന് കൂടുതല്‍ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പോലുള്ള അവശ്യ ചെലവുകള്‍ക്കുള്ള ഇളവുകളുണ്ടാവുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ് ഇളവ് പരിധി 50,000 രൂപ വരെ വേണമെന്നാണ് എസ്ബിഐ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഒഴികെയുള്ള വ്യക്തികള്‍ക്ക് പലപ്പോഴും ഇന്‍ഷുറന്‍സ് സുരക്ഷാ ഇല്ലാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ ഇളവ് 75,000 രൂപയോ ഒരു ലക്ഷമോ ആക്കണമെന്നുമാണ് സാമ്പത്തിക വിദഗ്ധരും ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, നികുതിയുമായി ബന്ധപ്പെട്ട് നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ളത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, 10 ലക്ഷം രൂപ വരെ നികുതി രഹിതമാക്കുക. രണ്ട്, 15 മുതല്‍ 20 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികള്‍ക്ക് 25% പുതിയ നികുതി സ്ലാബ് അവതരിപ്പിക്കുക.
നിലവില്‍ 15 ലക്ഷം രൂപയില്‍ കൂടുതലുള്ള വരുമാനത്തിന് 30% നികുതി നിരക്ക് ബാധകമാണ്. അതേസമയം മുകളില്‍ പറഞ്ഞ ഇളവ് നടപ്പാക്കിയാല്‍ 50,000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപ വരെ സര്‍ക്കാരിനു വരുമാനനഷ്ടമുണ്ടാകും എന്നാണു വിലയിരുത്തല്‍.