image

1 Feb 2025 3:58 AM GMT

India

ബജറ്റ്: പ്രതീക്ഷയോടെ സാധാരണക്കാരും, മധ്യവര്‍ഗവും

MyFin Desk

common people and the middle class with hope
X

Summary

  • ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പ്രതീക്ഷിക്കപ്പെടുന്നു
  • ധനക്കമ്മി 4.5 ശതമാനമായി കുറയ്ക്കുക ലക്ഷ്യം


കേന്ദ്ര ബജറ്റ് അവതരണത്തിനായി രാജ്യം കാത്തിരിക്കുമ്പോള്‍ സാധാരണക്കാരും, മധ്യവര്‍ഗവുമെല്ലാം പ്രതീക്ഷയിലാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്ന്ന ജി.ഡി.പി വളര്‍ച്ചയാണ് സാമ്പത്തിക സര്‍വവേയില്‍ പ്രവചിച്ചിരിക്കുന്നത്. ഇവിടെ മധ്യവര്‍ഗക്കാരെയും, താഴ്ന്ന വരുമാനത്തിലുള്ള ദരിദ്ര ജനവിഭാഗത്തെയും സര്‍ക്കാര്‍ ഏതുരീതിയിലാണ് ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുന്നത് എന്ന ആകാംക്ഷ ശക്തമാണ്. രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നു.

ഇത്തവണ പണക്കാരും, മധ്യവര്‍ഗവും, സാധാരണക്കാരും, ദരിദ്രരും, തൊഴിലുള്ളവരും, തൊഴില്‍ രഹിതരും, കര്‍ഷകരും, ഗിഗ് വര്‍ക്കേഴ്‌സും-എല്ലാവരും അനുകൂലമായ പ്രഖ്യാപനങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുന്നു. ഇവിടെസാധാരണക്കാര്‍ ലളിതമായ, നേരിട്ടുള്ള ഉത്തരമാണ് പ്രതീക്ഷിക്കുന്നത്.

ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ വരവ്-ചെലവുകളുടെ പ്രസ്താവനയാണ് ബജറ്റിലൂടെ നടത്തുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 326 ലക്ഷം കോടി രൂപയുടെ ജി.ഡി.പി വളര്‍ച്ചയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് സൈസ് 48.20 ലക്ഷം കോടി രൂപയായിരുന്നു. ഇതിനേക്കാള്‍ ഏതാണ്ട് 7% വര്‍ധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞതവണ ധനക്കമ്മി 4.9% എന്ന തോതിലായിരുന്നു. ഇത്തവണത്തെയും, വരാനിരിക്കുന്നതുമായ ബജറ്റുകളിലൂടെ ഇത് 4.5% എന്ന തോതില്‍ കുറച്ചു കൊണ്ടു വരാന്‍ ശ്രമിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ക്ഷേമ പ്രവര്‍ത്തനങ്ങളേക്കാള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ നില നില്‍ക്കുന്നു.

ലഭിക്കുന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് 134 മില്യണ്‍ ആളുകള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ഇത് ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 9.7% വരും. അതായത് ഇവര്‍ക്ക് പ്രതിദിനം 2 ഡോളറില്‍ താഴെ മാത്രമാണ് വരുമാനം.

ധനികര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുന്ന വിധമാണ് നികുതി ഘടനയെന്നും ഇതില്‍ പൊളിച്ചെഴുത്തുകള്‍ ആവശ്യമാണെന്നും പല അനലിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നു. ഇത്തവണ മധ്യവര്‍ഗക്കാര്‍ക്കും, ശമ്പള വരുമാനക്കാര്‍ക്കും അനുകൂലമായ വിധത്തില്‍ നികുതി ഘടനയിലും, ആനുകൂല്യങ്ങളിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

തൊഴില്‍ സൃഷ്ടിക്ക് ഉതകുന്ന പ്രഖ്യാപനങ്ങള്‍ യുവാക്കളും, വരുമാന വര്‍ധനയ്ക്ക് സഹായകമാകുന്ന നടപടികള്‍ രാജ്യത്തെ കര്‍ഷകരും, പരിസ്ഥിതി സൗഹാര്‍ദ പ്രഖ്യാപനങ്ങള്‍ പരിസ്ഥിതി പ്രേമികളും പ്രതീകഷിക്കുന്നു. ഹെല്‍ത്ത്, എജ്യുക്കേഷന്‍, എസ്.എം.ഇ, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് സെക്ടറുകളും വലിയ ബജറ്റ് വിഹിതം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ്.