image

30 Jan 2025 11:47 AM GMT

India

സര്‍ക്കാര്‍ മൂലധന ചെലവ് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

MyFin Desk

സര്‍ക്കാര്‍ മൂലധന ചെലവ് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
X

Summary

  • മൂലധന ചെലവ് 20 ശതമാനം വരെ സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും
  • നികുതി ഇളവ് നല്‍കാനും സാധ്യതയേറെ
  • ജിഡിപിയുടെ 4.4 ശതമാനം ധനക്കമ്മി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു


ബജറ്റില്‍ സര്‍ക്കാരിന്റെ മൂലധന ചെലവ് 20 ശതമാനം വര്‍ധിപ്പിക്കാന്‍ സാധ്യത. നികുതി ഇളവുകളും പ്രതീക്ഷിക്കാമെന്ന് ഇ വൈ റിപ്പോര്‍ട്ട്.

ആഗോള അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് പിന്തുണ നല്‍കാന്‍ ആഭ്യന്തര ഡിമാന്‍ഡ് ഉയര്‍ത്തണം. ഇത് പരിഗണിക്കുമ്പോള്‍ മൂലധന ചെലവ് 20 ശതമാനം വരെ സര്‍ക്കാര്‍ ഉയര്‍ത്താമെന്നാണ് ഇവൈ പറയുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂലധന ചെലവ് വിഹിതം 11.11 ലക്ഷം കോടി രൂപയാണ്.

നികുതി ഇളവ് ലഭിക്കുമ്പോള്‍ നഗര-ഗ്രാമീണ മേഖലയിലെ ഉപഭോഗം ഉയരും. ഇതും സമ്പദ് വ്യവസ്ഥയ്ക്ക് പിന്തുണയേകും. ജിഡിപിയുടെ 4.4 ശതമാനം ധനക്കമ്മിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ജനങ്ങളുടെ കൈകളിലും വരുമാനം നിലനിര്‍ത്തണം.

പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരുടെയും മധ്യവര്‍ഗത്തിന്റെയും കൈകളില്‍. ഇത് മുന്നില്‍ കണ്ട് ആദായനികുതി കിഴിവുകളടക്കം ബജറ്റില്‍ പ്രതീക്ഷിക്കുന്നുവെന്നും ഇവൈയിലെ ചീഫ് പോളിസി അഡൈ്വസര്‍ ഡി കെ ശ്രീവാസ്തവ പറഞ്ഞു.

ഇതെല്ലാം സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനൊപ്പം സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.