1 Feb 2025 3:22 AM GMT
Summary
- ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറവ്
- ധനക്കമ്മി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം
- പ്രതീക്ഷയോടെ പാവപ്പെട്ട, ഇടത്തരം വിഭാഗക്കാര്‍
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രസംഗത്തിന് രാജ്യം കാത്തിരിക്കുകയാണ്. പ്രധാനമായും പാവപ്പെട്ട, ഇടത്തരം വിഭാഗക്കാര്‍ക്ക് ബജറ്റില്‍ എന്തെല്ലാമാണ് ധനമന്ത്രി കരുതിയിരിക്കുന്നത് എന്നുള്ള ആകാംക്ഷയിലാണ് രാജ്യം.
വലിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത നന്നേ കുറവാണ്. കാരണം ധനക്കമ്മി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുന്‍പുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ആദായ നികുതി പരിധി വര്‍പ്പിക്കുക, നികുതി വ്യവസ്ഥകളുടെ സങ്കീര്‍ണമായ വിശദീകരണങ്ങള്‍, കാര്‍ഷിക മേഖലക്കുള്ള ഫണ്ട്, എംഎസ്എംഇ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കാത്തുവെച്ചിരിക്കുന്നത് എന്തെല്ലാം, റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വ്യവസായ പദവി, വിദ്യാഭ്യാസ മേഖലക്കുള്ള പദ്ധതികള്‍, തൊഴിലവസരങ്ങളുടെ വര്‍ധനക്കായുള്ള നടപടികള്‍ തുടങ്ങി രാജ്യം കാത്തിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നിരവധിയാണ്.
2047 ല്‍ വികസിത ഭാരതമാകാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി ഇതിനോടൊപ്പമുണ്ട്. എന്നാല്‍ ഇന്നലെ അവതരിപ്പിക്കപ്പെട്ട സാമ്പത്തിക സര്‍വേയില്‍ ഏഴു ശതമാനത്തില്‍ താഴെയാണ് വളര്‍ച്ചാ നിരക്ക് പ്രവചിച്ചിരിക്കുന്നത്. 2047-ല്‍ വികസിത രാജ്യമാകമമെങ്കില്‍ വാര്‍ഷിക വളര്‍ച്ച എട്ട് ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കണം. തൊണ്ണൂറുകളില്‍ ചൈനപോലുള്ള രാജ്യങ്ങളില്‍ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് രാജ്യങ്ങള്‍ വളര്‍ച്ച പ്രാപിച്ചതിനാല്‍ ഈ സ്ഥിതി ഉണ്ടാകാന്‍ സാധ്യത തീരെയില്ല.
ബജറ്റില്‍ കേരളം ഒരു പാക്കേജിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടാതെ വയനാടിനായി ഒരു പ്രത്യേക പാക്കേജും ആവശ്യപ്പെടുന്നു.
കേന്ദ്രത്തില്‍ ഇന്ന് കൂട്ടുകക്ഷി ഭരണമാണ്. അതിനാല്‍ സഖ്യകക്ഷികളുടെ അഭിപ്രായങ്ങളും സര്‍ക്കാരിന് കണക്കിലെടുക്കേണ്ടിവരും. അത്കൂടി പരിഗണിക്കുമ്പോള്‍ വലിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറയും എന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം സഖ്യകക്ഷികളുടെ കനത്ത ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ബജറ്റ് കൂടുതല്‍ വിശാലമാകുമെന്നും വിശകലന വിദഗ്ധര്‍ പറയുന്നു.