13 Jan 2025 12:10 PM GMT
Summary
- 2050ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പകുതിയാക്കുക ലക്ഷ്യം
- ഇതിനായി പ്രത്യേക പദ്ധതി നടപ്പാക്കും
- നെറ്റ് സീറോയിലെത്താന്‍ കാര്‍ബണിന്റെ തീവ്രത 45 ശതമാനമായി രാജ്യം കുറയ്ക്കണം
കാര്‍ബണിന്റെ പുറംതള്ളല്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. താപവൈദ്യുതി, സിമന്റ് തുടങ്ങിയ മേഖലകളെ ഡീകാര്‍ബണൈസ് ചെയ്യുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും സൂചന.
2050ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പകുതിയാക്കുക, 2070ല്‍ നെറ്റ് സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യം കൈവരിക്കുക, ഇതാണ് രാജ്യത്തിന്റെ ലക്ഷ്യം. ഇതിനായി അവതരിപ്പിക്കാന്‍ പോവുന്ന പദ്ധതിയാണ് നാഷനല്‍ കാര്‍ബണ്‍ ക്യാപ്ചര്‍ യൂട്ടിലൈസേഷന്‍ ആന്‍ഡ് സ്റ്റോറേജ് ദൗത്യം.
പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ സംഭരിച്ച് പുനരുപയോഗിക്കുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നെറ്റ് സീറോയിലെത്താന്‍ കാര്‍ബണിന്റെ തീവ്രത 45 ശതമാനമായി രാജ്യം കുറയ്ക്കണം. ഇതിന് വൈദ്യുതി, ഗതാഗതം, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്ക് നവീകരണം ആവശ്യമാണ്.
ഇതെല്ലാം ഉള്‍കൊള്ളുന്ന പുതിയ പദ്ധതി രൂപ രേഖ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റില്‍ നിര്‍മലാ സീതാരാമന്‍ നടത്തുമെന്നും ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
പരമ്പരാഗത ഊര്‍ജ്ജമാര്‍ഗങ്ങളില്‍ നിന്ന് മാറി ഹരിത ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കണം. ഒപ്പം പുറന്തള്ളുന്ന കാര്‍ബണ്‍ പുനരുപയോഗിക്കാനും സാധിക്കണം. ഇത്തരത്തില്‍ ഇരട്ട എന്‍ജിന്‍ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യത്തിലെത്താനാണ് രാജ്യം ശ്രമിക്കുന്നത്.
നിലവില്‍ കാര്‍ബണ്‍ വാതകം പുറന്തള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ നെറ്റ് സീറോ എന്ന ലക്ഷ്യം നിറവേറ്റാന്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്.