1 Feb 2025 8:37 AM GMT
Summary
- കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നുമില്ല
- സംസ്ഥാന പങ്കാളിത്തത്തോടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും
ബീഹാറിന് കാര്യമായ പരിഗണന നല്‍കുന്ന ബജറ്റായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന പ്രഖ്യാപനം, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്‍ട്രപ്രണര്‍ഷിപ് ആന്‍ഡ് മാനേജ്മെന്റ്, മഖാന ബോര്‍ഡ് തുടങ്ങിയവ സംസ്ഥാനത്തിനായുള്ള പ്രഖ്യാപനങ്ങളില്‍ ചിലത് മാത്രമാണ്. പാട്ന വിമാനത്താവളവും ഐ.ഐ.ടി പാട്നയും നവീകരിക്കും. ബീഹാറിനായി ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.അതേസമയം കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നുമില്ല.
കര്‍ഷകര്‍ക്കും കാര്യമായ പരിഗണന നല്‍കുന്നതായിരുന്നു കേന്ദ്ര ബജറ്റ്. 100 ജില്ലകള്‍ കേന്ദ്രീകരിച്ച് 1.7 കോടി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന വിവിധ പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും ഇതിനായി 5.7 കോടി രൂപ നീക്കി വയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുക പ്രധാന ലക്ഷ്യം. ധാന്യ വിളവില്‍ സ്വയം പര്യാപ്ത ഉറപ്പാക്കും. പി.എം. ധന്‍ധാന്യ പദ്ധതിയും, പരുത്തി കൃഷിക്കായി ദേശീയ പദ്ധതിയും നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്ന് നിര്‍മല സീതാരാമന്‍. ഹോംസ്റ്റേകള്‍ക്ക് മുദ്ര വായ്പ നല്‍കുമെന്നും യാത്രാ സൗകര്യവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയുമായി സഹകരിച്ച് ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ടൂറിസം സ്ഥലങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.