3 Feb 2023 6:18 AM GMT
ജീവിതച്ചെലവേറും: പെട്രോള്‍ ഡീസല്‍ 2% സെസ്, വാഹന,കെട്ടിട നികുതി കൂടും, മദ്യവിലയിലും 'സാമൂഹ്യ സുരക്ഷ'
MyFin Desk
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച കേരളാ ബജറ്റ് സാധാരണക്കാരുടെ ജീവിത ചെലവില്‍ വലുതല്ലാത്ത വര്‍ധന വരുത്തും. പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ട് ശതമാനം സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതു മൂലം വാഹന ചെലവിലും അതുവഴി ചരക്ക് ഗതാഗത മേഖലയിലും ചെലവ് വര്‍ധിപ്പിക്കും.
പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെയാണ് ചെലവ് ഏറുക. 5 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് ഒരു ശതമാനം നികുതി വര്‍ധന ബജറ്റ് ശുപാര്‍ശ ചെയ്യുന്നു. 5-10 ലക്ഷം വരെയുള്ള വാഹനങ്ങളുടെ നികുതി വര്‍ധന രണ്ട ശതമാനമാണ്. 15-20, 20-30, 30 ലക്ഷത്തിന് മുകളില്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഒരു ശതമാനമാണ്. അതേസമയം ഇലക്ട്രിക് കാറുകളുടെ നികുതിയില്‍ ഒരു ശതമാനം കുറവുണ്ട്.
ഒറ്റത്തവണ നികുതിയയായി അടയ്‌ക്കേണ്ട തുകയില്‍ ഒരു ശതമാനമാണ് കുറവ് വരുത്തിയത്. 5 ശതമാനമായിട്ടാണ് കുറച്ചത്. ഇതോടൊപ്പം പുതിയ വാഹനങ്ങള്‍ക്കുള്ള ഒറ്റത്തവണ സെസ് ഇരു ചക്രവാഹനത്തിന് 100 രൂപയായും കാറുകള്‍ക്ക് 100 ല്‍ നിന്ന് 200 രൂപയായും ഇടത്തരം കാറുകള്‍ക്ക് 150 ല്‍ നിന്ന് 300 രൂപയായും ഹെവി വാഹനങ്ങള്‍ക്ക് 250 ല്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഭൂമിയുടെ ന്യായ വിലയിലും വര്‍ധന വരുത്തി. ഇത് 20 ശതമാനമായ്ട്ടുണ്ട്. കെട്ടിട നികുതികളും ഉയര്‍ത്തിയിട്ടുണ്ട്.റെജിസ്ട്രേഷൻ നികുതിയും കൂട്ടി.
മദ്യത്തിന് വില ഉയര്‍ത്തില്ല എന്ന പ്രതീക്ഷയും ബജറ്റിലൂടെ അസ്തമിച്ചു. 500 രൂപയ്ക്ക് മുകളില്‍ വിലയുള്ളവയ്ക്ക് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയുമാണ് വര്‍ധിപ്പിച്ചത്. സാമൂഹ്യ സുരക്ഷയുടെ അക്കൗണ്ടിലുള്ള സെസാണ് വര്‍ധിപ്പിച്ചത്. ഇതു കൂടാതെ പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2 ശതമാനം വര്‍ധന വരുത്തി. ഇത് വഴി 92 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. നാലു ചക്ര വാഹനങ്ങളുടെ നികുതി വര്‍ധനയില്‍ 340 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര വിഹിതവും വായ്പാ സാധ്യതയും വലിയ തോതിൽ കുറഞ്ഞ് വരുന്ന പശ്ചാത്തലത്തിൽ അധിക വിഭവ സമാഹരണത്തിന് എല്ലാ വഴികളും ധനമന്ത്രി സ്വീകരിച്ചിട്ടുണ്ട്. പക്ഷെ നിലവിൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഗ്രാമീണമേഖലിയിലുള്ളവരടക്കം ജീവിത ചെലവ് ഉയരാൻ ഇത് ഇടയാക്കും.