4 Jan 2023 6:57 AM GMT
ഡെല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വര്‍ധിച്ച ധനകമ്മി പിടിച്ചു നിര്‍ത്താന്‍ ഭക്ഷ്യ-വളം സബ്സിഡികള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സബ്സിഡിയില്‍ 3.7 ലക്ഷം കോടി (44.6 ബില്യണ്‍ ഡോളര്‍) രൂപയായി കുറച്ചേക്കുമെന്നാണ് സൂചന. കുറവ് വരുത്തിയാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച സബസിഡിയെക്കാള്‍ 26 ശതമാനം കുറവായിരിക്കും പുതു വര്‍ഷത്തില്‍.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി ജിഡിപിയുടെ 6.4 ശതമാനമാക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. ഇത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ശരാശരി നാല് ശതമാനം മുതല്‍ 4.5 ശതമാനം എന്നതിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കോവിഡ് വ്യാപിച്ച വര്‍ഷങ്ങളില്‍ ഇത് 9.3 ശതമാനം ആയി ഉയര്‍ന്നിരുന്നു.
ആകെ ബജറ്റ് ചെലവിന്റെ എട്ടില്‍ ഒരു ഭാഗമാണ് നിലവില്‍ വളം, ഭക്ഷ്യ സബ്‌സിഡികള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കുന്നത്.
ബജറ്റ് ചെലവ് 39.45 ലക്ഷം കോടി രൂപയാണ്. സര്‍ക്കാര്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യ സബ്സിഡിക്കായി 2.3 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്താനാണ് ലക്ഷ്യം വെയ്ക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇത് 2.7 ലക്ഷം കോടി രൂപയായിരുന്നു. വളം സബ്സിഡി മുന്‍ വര്‍ഷത്തെ 2.3 ലക്ഷം കോടി രൂപയില്‍ നിന്നും 1.4 ലക്ഷം കോടി രൂപയിലേക്ക് കുറഞ്ഞേക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.