image

24 Dec 2024 1:30 PM GMT

News

വന്‍ലാഭം ലക്ഷ്യമിട്ട് ബിഎസ്എന്‍എല്‍

MyFin Desk

വന്‍ലാഭം ലക്ഷ്യമിട്ട് ബിഎസ്എന്‍എല്‍
X

Summary

  • 2027 സാമ്പത്തിക വര്‍ഷത്തില്‍ 558 കോടി രൂപ ലാഭം നേടുമെന്ന് കേന്ദ്ര ടെലികോം വകുപ്പ്
  • 4ജി, 5ജി സേവനങ്ങള്‍ വരുമാനം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍


പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ 2027 സാമ്പത്തിക വര്‍ഷത്തില്‍ 558 കോടി രൂപ ലാഭം നേടുമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആണ് ടെലിക്കോം വകുപ്പ് ഇക്കാര്യം പ്രവചിക്കുന്നത്.

ബിഎസ്എന്‍എല്ലിന്റെ 2024 ലെ വരുമാനം 19,344 കോടി രൂപയാണ്. 4ജി, 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ വരുമാനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. വരുമാനത്തില്‍ ഉണ്ടായേക്കാവുന്ന ഈ വര്‍ധനയെ അടിസ്ഥാനമാക്കിയാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പ്രവചനം.

2024ലെ വരുമാനത്തില്‍ നിന്ന് 73.5% വര്‍ധിച്ച് 2027 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 33,553 കോടി രൂപയാകുമെന്നാണ് കണക്കുകൂട്ടല്‍. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ബിഎസ്എന്‍എല്ലിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും വികസനവും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്.

ചെലവുകള്‍ കുറച്ചും പ്രവര്‍ത്തനേതര വരുമാനം വര്‍ധിപ്പിച്ചും നഷ്ടം ചുരുക്കാനാണ് നിലവില്‍ ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 8,161 കോടി രൂപ ഉണ്ടായിരുന്ന അറ്റ നഷ്ടം 24 സാമ്പത്തിക വര്‍ഷത്തില്‍ 5,367 കോടി രൂപയായി ചുരുക്കി.

ചെലവുകള്‍ കുറച്ചതും വരുമാനം നേരിയതോതില്‍ ഉയര്‍ന്നതും നഷ്ടം കുറയ്ക്കാന്‍ ഏറെ സഹായിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. ലക്ഷ്യമിട്ട വരുമാനം നേടുന്നതില്‍ 4ജിയുടെയും 5ജിയുടെയും വ്യാപനം വലിയ പങ്കുവഹിക്കും.