image

11 April 2025 10:17 AM

News

55 ലക്ഷം പുതിയ വരിക്കാർ, പ്രതാപത്തിലേക്ക് തിരിച്ചെത്തി ബിഎസ്എന്‍എല്‍

MyFin Desk

55 ലക്ഷം പുതിയ വരിക്കാർ, പ്രതാപത്തിലേക്ക് തിരിച്ചെത്തി ബിഎസ്എന്‍എല്‍
X

സ്വകാര്യ ടെലികോം കമ്പനികൾക്ക് ചങ്കിടിപ്പേറ്റി ബി.എസ്.എൻ.എൽ കുതിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിൽ 55 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ജൂൺ 2024 മുതൽ ഫെബ്രുവരി 2025 വരെയുള്ള കാലഘട്ടത്തിൽ ബിഎസ്എൻഎല്ലിന്റെ മൊത്തം ഉപയോക്താക്കൾ 8.55 കോടിയിൽ നിന്ന് 9.1 കോടിയായി ഉയർന്നു.

2024 ജൂലൈയിൽ രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചത് ബി.എസ്.എൻ.എല്ലിന് നേട്ടമായി മാറിയിരുന്നു. നിരക്ക് വർധിപ്പിക്കാത്തതിനാൽ ധാരാളം ഉപയോക്താക്കൾ സ്വകാര്യ ടെലികോം സേവന ദാതാക്കളിൽ നിന്ന് ബി.എസ്.എൻ.എല്ലിലേക്ക് കൂടുമാറിയിരുന്നു. എന്നാൽ ഈ ട്രെൻഡ് അധിക കാലം നീണ്ടു നിന്നില്ല. നെറ്റ് വർക്ക് സംബന്ധമായ പ്രശ്നങ്ങൾ, ഡാറ്റ വേഗതക്കുറവ് തുടങ്ങിയ കാരണങ്ങളാൽ ഉപയോക്താക്കളുടെ കൊഴിഞ്ഞു പോക്ക് ബി.എസ്.എൻ.എല്ലിന് നേരിടേണ്ടി വന്നു. എന്നാൽ ബി‌എസ്‌എൻ‌എൽ തങ്ങളുടെ നെറ്റ്‌വർക്ക് നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 4ജി സേവനം വ്യാപിപ്പിക്കൽ, ഒപ്റ്റിക്ക് ഫൈബർ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തൽ എന്നിവയ്ക്കായിരുന്നു കമ്പനി ഊന്നൽ നൽകിയത്. ഇത് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ.

അടുത്തകാലത്തായി കമ്പനി താങ്ങാനാവുന്ന നിരക്കിൽ പുതിയ പ്ലാനുകളും മറ്റും അവതരിപ്പിച്ചിരുന്നു. ഇക്കാരണങ്ങളാൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ബി‌എസ്‌എൻ‌എൽ ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ നേടിയെടുത്തു. ഇനി എത്രയും വേഗം 5ജി സേവനം നൽകാൻ തയ്യാറാകുക എന്നതാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം.