23 April 2023 4:45 PM IST
Summary
- ബാഡ്ജ് തിരികെ കിട്ടിയവരില്‍ ഷാറൂഖും സച്ചിനും പിണറായിയും
- നടപടി ഫോളോവേഴ്സിന്‍റെ എണ്ണം നോക്കി
- ഒരാഴ്ചക്കിടെ വ്യാപകമായി ബ്ലൂടിക്ക് നീക്കം ചെയ്തിരുന്നു
മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ സെലിബ്രിറ്റി എക്കൌണ്ടുകള്‍ക്ക് ബ്ലൂടിക്ക് തിരികെ നല്‍കിത്തുടങ്ങി. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള നിരവധി ഹൈ പ്രൊഫൈൽ സെലിബ്രിറ്റി അക്കൗണ്ടുകളിലാണ് ട്വിറ്റർ തങ്ങളുടെ സ്ഥിരീകരണ ബാഡ്ജുകൾ പുനഃസ്ഥാപിച്ചിട്ടുള്ളത്. പണമടക്കുന്ന ഉപയോക്താക്കള്‍ക്ക് ബ്ലൂടിക് നല്‍കിയാല്‍ മതിയെന്ന തീരുമാനത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പ്രമുഖരുടെ ബ്ലൂടിക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇത് വ്യാപക എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയതിന് പിന്നാലെയാണ് പലര്‍ക്കും ബ്ലൂടിക്ക് തിരികെ കിട്ടിയത്.
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‍ലി, രാഹുൽ ഗാന്ധി,പിണറായി വിജയന്‍ തുടങ്ങിയവരെല്ലാം ബ്ലൂടിക്ക് നഷ്ടമായി തിരികെ ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. പണമടയ്ക്കാതെ തന്നെയാണ് പല പ്രമുഖ വ്യക്തികള്‍ക്കും ബ്ലൂടിക്ക് തിരികെ നല്‍കിയിട്ടുള്ളതെന്നാണ് ലഭ്യമായിട്ടുള്ള വിവരം. ഫോളോവേഴ്സിന്‍റെ എണ്ണം കണക്കിലെടുത്ത് ചില ഹൈപ്രൊഫൈല്‍ എക്കൌണ്ടുകള്‍ക്ക് മാത്രം നീലടിക്ക് പണമടയ്ക്കാതെയും നല്‍കാന്‍ കമ്പനി തീരുമാനിച്ചതായാണ് വിലയിരുത്തല്‍. കമ്പനി ഇതു സംബന്ധിച്ച് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
സ്പേസ് എക്സ് ഉടമയായ എലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ പലവിധ നീക്കങ്ങളിലൂടെ ട്വിറ്റര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു. മസ്തിന്‍റെ കടന്നുവരവിന് ശേഷം ട്വിറ്ററിലെ ജീവനക്കാരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറക്കപ്പെട്ടു. പല പ്രമുഖ സ്ഥാനങ്ങളിലുള്ളവരും കമ്പനി വിട്ടതിനൊപ്പം നിരവധി ഉപയോക്താക്കളും പ്ലാറ്റ്‍ഫോം വിട്ടു. ഇതിനുപുറമേ പല എക്കൌണ്ടുകളും വ്യാജമെന്ന കണക്കുകൂട്ടലില്‍ ട്വിറ്റര്‍നീക്കം ചെയ്യുകയും ചെയ്തു.