8 Feb 2025 10:25 AM GMT
Summary
- കേവല ഭൂരിപക്ഷവും കടന്ന് ബിജെപി കുതിപ്പ്
- മദ്യനയക്കേസ് ആപ്പിന് തിരിച്ചടിയായി
- ആദായ നികുതി പരിധി 12 ലക്ഷത്തിലേക്ക് ഉയര്‍ത്തിയത് ബിജെപിക്ക് നേട്ടം
ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മിന്നും വിജയം. അവസാനം വിവരം ലഭിക്കുമ്പോള്‍ ബിജെപി കേവല ഭൂരിപക്ഷവും കടന്ന് കുതിക്കുകയാണ്. മുന്‍പ് ഉണ്ടായിരുന്ന എട്ടില്‍നിന്ന് 48 സീറ്റിലേക്കാണ് ബിജെപി ഇത്തവണ കുതിപ്പ് നടത്തിയത്.
ബജറ്റിലെ പ്രഖ്യാപനങ്ങളാണ് തലസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചതെന്നാണ് വിലയിരുത്തല്‍. ചില പ്രഖ്യാപനങ്ങളും ശമ്പള പരിഷ്‌ക്കരണവുമെല്ലാം ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ അനുകൂലമായ ഘടകങ്ങളായിമാറിയിരുന്നു. ആദായ നികുതി പരിധി 12 ലക്ഷത്തിലേക്ക് ഉയര്‍ത്തിയതും മധ്യവര്‍ഗത്തിന് അനുകൂലമായ ബജറ്റെന്ന പ്രചാരവും ബിജെപിക്ക് ഗുണകരമായി. വിവിധ ക്ഷേമ വാഗ്ദാനങ്ങളും ബിജെപിക്ക് അനുകൂല ഘടകമായി.
അതേസമയം കേജരിവാള്‍ നേരിട്ട അഴിമതി ആരോപണങ്ങള്‍ ആപ്പിന് കനത്ത തിരിച്ചടിയായി. ആപ്പ് നേതാക്കള്‍ മദ്യനയക്കേസില്‍ ജയിലിലായതും കേജരിവാള്‍ ജയിലില്‍ നിന്നും ഭരണത്തിന് ശ്രമിച്ചതും ജനങ്ങള്‍ക്കുമുമ്പില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ ഇടിയാന്‍ കാരണമായിരുന്നു.
27 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഡെല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുന്നത്. 1998 ല്‍ സുഷമാ സ്വരാജ് 52 ദിവസത്തേക്ക് ഡെല്‍ഹിയുടെ മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചിരുന്നു.
ഇപ്പോള്‍ തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലിരുന്ന അരവിന്ദ് കേജരിവാൡന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാരിനെയാണ് ബിജെപി പരാജയപ്പെടുത്തിയത്. കൂടാതെ ആപ്പിന്റെ പ്രമുഖ നേതാക്കളും പരാജയപ്പെട്ടു.
രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം. ഭൂരിപക്ഷം എക്‌സിറ്റ്‌പോളുകളും പ്രവചിച്ച രീതിയില്‍ത്തന്നെയാണ് ഫലങ്ങള്‍ പുറത്തുവന്നത്.