image

18 April 2024 5:57 AM GMT

News

കുട്ടനാട്ടില്‍ പക്ഷിപ്പനി; താറാവുകളെ കൊന്നൊടുക്കും

MyFin Desk

കുട്ടനാട്ടില്‍ പക്ഷിപ്പനി; താറാവുകളെ കൊന്നൊടുക്കും
X

Summary

  • പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന താറാവുകളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്
  • സാമ്പിളുകളില്‍ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ (എച്ച്5എന്‍1) പോസിറ്റീവ് ആണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു
  • എടത്വ, ചെറുതന, ചമ്പക്കുളം പഞ്ചായത്തുകളില്‍ താറാവ് വില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി


ആലപ്പുഴയില്‍ രണ്ടിടങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എടത്വ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെയും ചെറുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3ലെയും താറാവുകള്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന താറാവുകളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്. സാമ്പിളുകളില്‍ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ (എച്ച്5എന്‍1) പോസിറ്റീവ് ആണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍മപദ്ധതി പ്രകാരം പ്രഭവകേന്ദ്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തുപക്ഷികളെ കൊന്ന് നശിപ്പിക്കുന്ന നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

17,000 താറാവുകള്‍ക്കാണ് രോഗം ബാധിച്ചതായി കരുതുന്നത്. 300 എണ്ണം ചത്തു. താനക്കണ്ടത്തില്‍ ദേവരാജന്‍, ചിറയില്‍ രഘുനാഥന്‍ എന്നിവരുടെ താറാവുകള്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. രഘുനാഥന് 2 മാസം പ്രായമുള്ള 2000 താറാവുകളും ദേവരാജന് 3 മാസം പ്രായമുള്ള 15,000 താറാവുകളുമാണുള്ളത്. ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന്

ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. എടത്വ, ചെറുതന, ചമ്പക്കുളം പഞ്ചായത്തുകളില്‍ താറാവ് വില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

ദ്രുതകര്‍മ സേന രൂപവത്കരിക്കുമെന്നും ബന്ധപ്പെട്ട ഒരുക്കങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയില്ലാത്തതിനാല്‍ അനാവശ്യമായി പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.