20 April 2024 4:41 PM IST
Summary
- 63-കാരനാണ് മരിച്ചെന്നു സ്വയം വ്യാജ പ്രചരണം നടത്തിയ ജര്‍മന്‍ കോടീശ്വരന്‍ കാള്‍-എറിവാന്‍
- 2018-ല്‍ കാള്‍-എറിവാനെ കാണാതാകുന്നതിന് മൂന്ന് ദിവസം മുന്‍പ് കാമുകിയായ വെറോണിക്കയുമായി 13 തവണ ഫോണില്‍ സംസാരിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ട്
- ഭാര്യയും രണ്ട് മക്കളുമൊത്ത് താമസിക്കവേയാണു കാള്‍-എറിവാന്‍ ഹൗബിനെ 2018-ല്‍ കാണാതായത്
2018-ല്‍ സ്വിസ് പര്‍വതനിരകളില്‍ നിന്ന് കാണാതാവുകയും 2021-ല്‍ മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത ജര്‍മന്‍ കോടീശ്വരനായ കാള്‍-എറിവാന്‍ ഹൗബിനെ വര്‍ഷങ്ങള്‍ക്കു ശേഷം മോസ്‌കോയില്‍ കാമുകിക്കൊപ്പം കണ്ടെത്തി.
ഇക്കാര്യം ഡെയ്‌ലി മെയ്ല്‍ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
2018-ല്‍ ആല്‍പ്‌സ് പര്‍വതനിരകളിലെ ഹൈക്കിംഗിനിടെ കാള്‍-എറിവാന്‍ ഹൗബ് അപ്രത്യക്ഷനാവുകയായിരുന്നു. 2021-ഓടെ അദ്ദേഹം നിയമപരമായി മരിച്ചതായി ഒരു ജര്‍മ്മന്‍ കോടതി പ്രഖ്യാപിക്കുകയും ചെയ്തു. എങ്ങനെയാണ് കാണാതായത് എന്നും ജീവനോടെയുണ്ടാകാന്‍ സാധ്യതയുണ്ടോ എന്നും കാള്‍-എറിവാന്‍ ഹൗബിന്റെ സഹോദരനോട് കോടതി ചോദിച്ചിരുന്നു. തുടര്‍ന്നായിരുന്നു അദ്ദേഹം മരിച്ചതായി ജര്‍മന്‍ കോടതി പ്രഖ്യാപിച്ചത്.
എന്നാല്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ കാള്‍-എറിവാന്‍ ഹൗബ് കാമുകിയായ വെറോണിക്ക എമിലോവയ്‌ക്കൊപ്പം താമസിക്കുകയാണെന്നു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഭാര്യയും രണ്ട് മക്കളുമൊത്ത് താമസിക്കവേയാണു കാള്‍-എറിവാന്‍ ഹൗബിനെ 2018-ല്‍ കാണാതായത്. റീട്ടെയ്ല്‍ കമ്പനിയായ ടെംഗല്‍മാന്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ് കാള്‍-എറിവാന്‍ ഹൗബ്.
കാമുകിക്കൊപ്പം മോസ്‌കോയില്‍ കഴിയുകയാണെന്ന വാര്‍ത്ത സത്യമാണെങ്കില്‍ കാള്‍-എറിവാന്‍ ഹൗബിന്റെ സഹോദരന് മറ്റൊരു അന്വേഷണത്തെ നേരിടേണ്ടി വരും. കാരണം കാള്‍-എറിവാന്‍ കാണാതായതിനെ കുറിച്ചും ജീവിച്ചിരിക്കാന്‍ സാധ്യതയുണ്ടോ എന്നതിനെ കുറിച്ചും കോടതിയില്‍ സഹോദരന്‍ നടത്തിയ സത്യവാങ് മൂലം വ്യാജമായിരുന്നോ എന്നതിനെ കുറിച്ചായിരിക്കും അന്വേഷണം.
2018-ല്‍ കാള്‍-എറിവാനെ കാണാതാകുന്നതിന് മൂന്ന് ദിവസം മുന്‍പ് കാമുകിയായ വെറോണിക്കയുമായി 13 തവണ ഫോണില്‍ സംസാരിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ട്. ഇത് ഏകദേശം ഒരു മണിക്കൂറോളം നേരം വരും.
ഫോണിലൂടെ കാള്‍-എറിവാന്‍ കാമുകിയുമായി അപ്രത്യക്ഷനാകാനുള്ള പദ്ധതി ചര്‍ച്ച ചെയ്തിരിക്കാമെന്നാണ് അനുമാനിക്കുന്നത്.
63-കാരനാണ് കാള്‍-എറിവാന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലാണ് പഠനം പൂര്‍ത്തിയാക്കിയത്.